
കേരള രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്ന നാല് ജില്ലകളിൽ ഇത്തവണ അപ്രതീക്ഷിത അട്ടിമറികൾക്ക് സാധ്യതയെന്ന് വിലയിരുത്തൽ. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ പോരാട്ടം പ്രവചനാതീതമായ അടിയൊഴുക്കുകളിലേക്ക് നീങ്ങുകയാണ്. ചില പ്രമുഖ നേതാക്കൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടേക്കാമെന്നും വൻമരങ്ങൾ കടപുഴകിയേക്കാമെന്നുമുള്ള സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.
കോട്ടകളിൽ വിള്ളൽ വീഴുമോ?
എറണാകുളം ഒഴികെയുള്ള മൂന്ന് ജില്ലകളും നിലവിൽ എൽ.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നവയാണ്. എന്നാൽ ഇത്തവണ രാഷ്ട്രീയവും സാമുദായികവുമായ അടിയൊഴുക്കുകൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. മൂന്ന് മുന്നണികൾക്കും മികച്ച വിജയപ്രതീക്ഷയുണ്ടെങ്കിലും പല സിറ്റിംഗ് സീറ്റുകളിലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ജില്ലകളിലെ ചിത്രം ഇങ്ങനെ:
തൃശൂർ: സാംസ്കാരിക തലസ്ഥാനത്ത് ത്രികോണയുദ്ധം
കഴിഞ്ഞ തവണ 13-ൽ 12 സീറ്റും നേടിയ എൽ.ഡി.എഫിന് ഇത്തവണ തൃശൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം നേരിടേണ്ടി വരുന്നു. പത്മജ വേണുഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയായതോടെ തൃശൂരിൽ മത്സരം കൊഴുത്തു. സിറ്റിംഗ് എം.എൽ.എയായിരുന്ന സി.സി. മുകുന്ദൻ നാട്ടികയിൽ ബി.ജെ.പി പാളയത്തിലെത്തിയത് ഇടതുപക്ഷത്തിന് തലവേദനയാണ്.
പാലക്കാട്:
തൃത്താലയും പാലക്കാട്ടും ശ്രദ്ധാകേന്ദ്രം
പാലക്കാട് നിലനിറുത്താൻ രമേഷ് പിഷാരടിയെ യു.ഡി.എഫ് രംഗത്തിറക്കിയപ്പോൾ, ശോഭ സുരേന്ദ്രനിലൂടെ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം ആര് ജയിക്കുമെന്ന് പ്രവചിക്കാനാവില്ല. പട്ടാമ്പിയിലും മലമ്പുഴയിലും മുൻ സി.പി.എം നേതാക്കൾ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് വെല്ലുവിളിയാണ്.
ഇടുക്കി:
കാറ്റ് മാറുന്നുവോ?
ഹൈറേഞ്ചിൽ വന്യജീവി ആക്രമണം, കെട്ടിട നിർമ്മാണ വിലക്ക് തുടങ്ങിയ വിഷയങ്ങൾ ഭരണവിരുദ്ധ വികാരമായി മാറുന്നുണ്ട്. മുൻ എൽ.എൽ.എ എസ്. രാജേന്ദ്രൻ ദേവികുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായതും, ഉടുമ്പൻചോലയിൽ എം.എം. മണിയുടെ പിൻഗാമിയായി കെ.കെ. ജയചന്ദ്രൻ എത്തിയതും മത്സരത്തിന് വാശിയേറ്റുന്നു. ക്രൈസ്തവ സഭകളുടെ നിലപാടും ഇവിടെ നിർണ്ണായകമാകും.
എറണാകുളം:
കരുത്ത് തെളിയിക്കാൻ മുന്നണികൾ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂരും മന്ത്രി പി. രാജീവ് ഇറങ്ങുന്ന കളമശേരിയും ജില്ലയിലെ പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നു. കുന്നത്തുനാട്ടിൽ ട്വന്റി 20 ഉയർത്തുന്ന വെല്ലുവിളി എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ഭീഷണിയാണ്.
നിലവിലെ കക്ഷിനില ഒരൊറ്റനോട്ടത്തിൽ:
പാലക്കാട് (12 സീറ്റ്): എൽ.ഡി.എഫ് - 10, യു.ഡി.എഫ് - 2
തൃശൂർ (13 സീറ്റ്): എൽ.ഡി.എഫ് - 12, യു.ഡി.എഫ് - 1
ഇടുക്കി (5 സീറ്റ്): എൽ.ഡി.എഫ് - 4, യു.ഡി.എഫ് - 1
എറണാകുളം (14 സീറ്റ്): എൽ.ഡി.എഫ് - 9, യു.ഡി.എഫ് - 5
ചില സിറ്റിംഗ് സീറ്റുകൾ കൈവിട്ടുപോകാമെന്ന ആശങ്കയിൽ മുന്നണികൾ ക്യാമ്പ് ചെയ്യുമ്പോൾ, മേയ് നാലാം തീയതി പുറത്തുവരുന്ന ഫലം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.











