09:04am 19 April 2026
NEWS
ഇന്ത്യ ശക്തമായി എതിർത്തിട്ടും ഐഎംഎഫ് പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകിയത് വെറുതെയല്ല
10/05/2025  07:39 PM IST
nila
ഇന്ത്യ ശക്തമായി എതിർത്തിട്ടും ഐഎംഎഫ് പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകിയത് വെറുതെയല്ല

ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായമാണ് ഐഎംഎഫ് പാകിസ്ഥാന് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദത്തെ ആ​ഗോളതലത്തിൽ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ - പാക് സംഘർഷ സമയത്ത് വായ്പ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം ഐഎംഎഫ് യോ​ഗത്തിൽ അം​ഗീകരിക്കപ്പെട്ടില്ല. പാകിസ്ഥാന് നൽകുന്ന പണം ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് പരോക്ഷമായി ലഭിക്കുന്നുവെന്ന് ഇന്ത്യ തുറന്നടിച്ചിട്ടും വായ്പ നൽകാനുള്ള തീരുമാനത്തിൽ ഐഎംഎഫ് എത്തുകയായിരുന്നു. ഇന്ത്യ പാശ്ചാത്യ ശക്തികൾക്ക് അനഭിമതരായോ എന്ന ചർച്ചകൾ ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുകയും ചെയ്തു. എന്നാൽ, ഐഎംഎഫിൽ ഇന്ത്യയുടെ വാക്കുകൾ പരി​ഗണിക്കപ്പെടാതെ പോയതിന് ഒന്നിലധികം കാരണങ്ങളുണ്ട്.

റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിൽ പാശ്ചാത്യ ശക്തികൾക്ക് അമർഷമുണ്ട്. റഷ്യയെ പരസ്യമായി അപലപിക്കാൻ ഇന്ത്യ തയ്യാറാകാതിരുന്നത് യൂറോപ്യൻ ചേരിയേയും അമേരിക്കയേയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്. ആ അമർഷം പ്രകടിപ്പിക്കാൻ കിട്ടിയ അവസരമായി അവർ ഐഎംഎഫ് യോ​ഗത്തെ ഉപയോ​ഗിക്കുകയായിരുന്നു. പാകിസ്ഥാന് വായ്പ അനുവദിക്കേണ്ടത് പല വൻശക്തികളുടെയും നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ് എന്നതും ശ്രദ്ധേയമാണ്.

അമേരിക്കയും ചൈനയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം ആയുധ വ്യാപാരത്തിലൂടെയാണ് പണമുണ്ടാക്കുന്നത്. ആയുധങ്ങൾ വാങ്ങുന്നവരിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടും. തങ്ങൾ വിറ്റഴിച്ച ആയുധങ്ങൾ ഉപയോ​ഗിച്ച് കഴിഞ്ഞാൽ മാത്രമേ പുതിയ ആയുധ വ്യാപാര കരാറുകൾ ലഭിക്കൂ എന്ന് ഈ രാജ്യങ്ങൾക്കറിയാം. ഇന്ത്യാ - പാക് സംഘർഷം അതിനാൽ തന്നെ പല രാജ്യങ്ങളുടെയും സാമ്പത്തിക സ്രോതസ്സിന് ആക്കം കൂട്ടുന്ന ഘടകമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാൻ പണമില്ലാതെ യുദ്ധം അവസാനിപ്പിച്ചാൽ അതിന്റെ നഷ്ടം തങ്ങൾക്കാണെന്ന് ഈ ആയുധ വ്യാപാരികൾ തിരിച്ചറിയുന്നുണ്ട്. അതും ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാകിസ്ഥാന് വായ്പ അനുവദിക്കാൻ ഐഎംഎഫ് യോ​ഗം തീരുമാനിച്ചതിന് കാരണമാകാം.

ആയുധ നിർമ്മാതാക്കളുടെ സമ്മർദ്ദം ഐഎംഎഫിന് മേൽ ഉണ്ടായത് തന്നെയാണ് ഇത്ര വലിയൊരു തുകയുടെ വായ്പ ഐഎംഎഫ് ഇപ്പോൾ അനുവദിക്കാൻ കാരണം. ഇക്കാര്യം കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന് യുദ്ധഫണ്ട് നൽകുന്നതിന് സമാനമാണ് ഐഎംഎഫിന്റെ ഇപ്പോഴത്തെ നടപടി എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം.

അതേസമയം, മലയാളിയായ ​ഗീത ​ഗോപിനാഥ് ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടിയായിരിക്കെയാണ് ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന് വായ്പ അനുവദിച്ചത് എന്നതും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും. ഐഎംഎഫിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാതിരുന്നത് വീഴ്ച്ചയാണെന്ന വിമർശനം ഉയർന്നാലും കുറ്റം പറയാനാകില്ല. 

ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ രണ്ടാം ഗഡുവായാണ് ഐഎംഎഫ് പാകിസ്ഥാന് ഇപ്പോൾ  8500 കോടി രൂപ അനുവദിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന സാഹചര്യത്തിൽ ഇന്ത്യ - പാക് വെടിനിർത്തലും നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരായ ആക്രമണം നിർത്താൻ ആ വായ്പ സഹായകരമായോ എന്ന കാര്യത്തിലും വരും ദിവസങ്ങളിൽ വ്യക്തത വരും. വായ്പ അനുവദിക്കാൻ പിന്തുണച്ച രാജ്യങ്ങൾ പാകിസ്ഥാന് മുന്നിൽ വെടിനിർത്തൽ എന്ന ഉപാധി വെച്ചിരുന്നോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img