06:22am 22 April 2025
NEWS
കുഞ്ഞാണ്, കരുതൽ വേണം
18/02/2025  08:13 AM IST
ഡോ. അഞ്ജന ഡി.ആർ,
കുഞ്ഞാണ്, കരുതൽ വേണം

ആധുനിക കാലഘട്ടത്തിലെ, കുടുംബസംബന്ധമായ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും കാരണമായി ഒറ്റവാക്കിൽ പറയുന്ന ഉത്തരം, കൂട്ടുകുടുംബവ്യവസ്ഥയിൽനിന്നും അണുകുടുംബവ്യവസ്ഥയിലേക്കുള്ള പുതിയ തലമുറയുടെ മാറ്റമാണ്. പല കാര്യങ്ങളിലും അതൊരു ശരിയായ നിരീക്ഷണം തന്നെയാണ്; പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണ- മാനസിക വളർച്ചാകാര്യങ്ങളിൽ. കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണ- മാനസിക വളർച്ചയ്ക്ക് കൂട്ടുകുടുംബങ്ങൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. വിലമതിക്കാനാകാത്തതാണ്.

 

നല്ലൊരു ശതമാനം കുടുംബത്തിലും നിറദീപമായി ഒരമ്മയോ അമ്മൂമ്മയോ ഒക്കെ ഉണ്ടായിരിക്കുമല്ലോ. പ്രായോഗികമായ അറിവിന്റെ നിറകുടം തന്നെയായിരിക്കും അവർ. ഉദാഹരണത്തിന് കുഞ്ഞിന് ചെറിയൊരു ചൂട് അനുഭവപ്പെടുന്നു എന്ന് കരുതുക. അത് എന്തിന്റെ ലക്ഷണമാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ എന്തൊക്കെയായി മാറാമെന്നുമെല്ലാം അറിവുള്ള ഈ അമ്മമാർ അതിനുള്ള പ്രതിവിധിയും പറയും.

ഇന്നുപക്ഷേ അതല്ല സ്ഥിതി. അച്ഛനും അമ്മയും, ഒന്നോ പരമാവധി രണ്ടോ കുഞ്ഞുങ്ങളും മാത്രം അടങ്ങുന്ന അണുകുടുംബത്തിൽ ഈ പറഞ്ഞതുപോലെ പ്രായോഗികമായ നാട്ടറിവുള്ള അമ്മയോ അമ്മൂമ്മയോ ഒക്കെ അപൂർവ്വമാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആശ്രയിക്കാവുന്നത് ഡോക്ടർമാരെ മാത്രമാണ്.

ഡോക്ടറെ ആശ്രയിക്കുമ്പോൾ

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയിലേക്ക് ജനിച്ചുവീണ് അടുത്ത സെക്കന്റ് മുതൽ അവരുടെ ആരോഗ്യപരിചരണം വിദഗ്ദ്ധരായ പീഡിയാട്രീഷന്റെ നിയന്ത്രണത്തിലായിരിക്കണം എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം, തനിക്ക് ഇന്നയിന്ന ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഒക്കെ ഉണ്ടെന്ന് പറയുവാൻ കുഞ്ഞുങ്ങൾക്കറിയില്ലല്ലോ. അത് പരിശോധിച്ചുകണ്ടെത്തി, ചികിത്സിച്ചു ഭേദമാക്കുവാൻ നല്ലൊരു ശിശുരോഗവിദഗ്ദ്ധന്റെ സഹായം അത്യാവശ്യമാണ്. ആ കാര്യം അമ്മമാർ വേണം പ്രത്യേകം ശ്രദ്ധിക്കുവാൻ.

സാധാരണരീതിയിൽ 6 വയസ്സുവരെയാണ് കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ കൂടുതലായും വരാൻ സാധ്യത. നാട്ടുഭാഷയിൽ ഇതിനെ ബാലാരിഷ്ടത എന്നാണ് പറയുന്നത്. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി തീരെ കുറവായിരിക്കും. പിന്നീട് പ്ലേ സ്‌ക്കൂളിലും സ്‌ക്കൂളിലുമൊക്കെ പോയിത്തുടങ്ങുന്നതോടെ സാധാരണമായ രോഗാണുക്കളുമായി സമ്പർക്കം വരും. അതുവഴി സ്വാഭാവികമായുള്ള ഒരു പ്രതിരോധശക്തി അവർ ആർജ്ജിക്കും. അതിന്റെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങൾ സ്‌ക്കൂളിലൊക്കെ പോയിത്തുടങ്ങുമ്പോൾ അവർക്ക് അടിക്കടി അസുഖങ്ങൾ വരുന്നതായി കാണുന്നത്. അത് അവരുടെ വളർച്ചയ്ക്കിടയിലെ സ്വാഭാവിക പ്രക്രിയയാണ്.

നവജാത ശിശുക്കളുടെ കാര്യം പറയുകയാണെങ്കിൽ പ്രസവശേഷം ആദ്യമായി കുഞ്ഞുങ്ങൾക്ക് മഞ്ഞ ഉണ്ടാവുക സാധാരണമാണ്. എന്നാൽ 28 ദിവസത്തിൽ കൂടുതൽ കണ്ണിലൊക്കെ മഞ്ഞ നിൽക്കുന്നു എങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണിക്കാൻ മടിക്കരുത്.

അതുപോലെ തന്നെ നവജാത ശിശുക്കൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടൊക്കെ അമ്മമാരുടെ കണ്ണിലെണ്ണയുമൊഴിച്ചുള്ള ശ്രദ്ധയും ഡോക്ടറുടെ സേവനവും അത്യാവശ്യമാണ്.

എങ്കിലും കുഞ്ഞുങ്ങളിൽ പൊതുവായി കണ്ടുവരുന്നത് പനി, ജലദോഷം, വയറിളക്കം തുടങ്ങിയുള്ള രോഗങ്ങളാണ്. നിസ്സാരം എന്ന് തോന്നാവുന്ന ഈ അസുഖങ്ങൾ പക്ഷേ നിസ്സാരങ്ങളല്ല എന്ന് നമ്മൾ മനസ്സിലാക്കണം. ഉദാഹരണത്തിന് പനി. അത് ഒരു രോഗലക്ഷണം മാത്രമാണ്. മറ്റ് ചില രോഗങ്ങളുടെയും ആക്രമണത്തിലാണ് നമ്മൾ എന്നുള്ള സൂചനയാണ് പനി നൽകുന്നത്. ശരീരത്തിന്റെ താപനില ഉയരുന്നതിനെയാണല്ലോ സാധാരണയായി നമ്മൾ പനി എന്നുപറയുന്നത്. ഇങ്ങനെ ചൂടുകൂടുന്നത് ഒരു രോഗലക്ഷണമാണ്. കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം പലതരം രോഗങ്ങൾ കൊണ്ട് ചൂടനുഭവപ്പെടാം.

സാധാരണയായി വരുന്നത് വൈറൽ പനികളാണ്. ഇത് വന്നാൽ ഒന്നുരണ്ടുദിവസം ചൂടു നിന്നിട്ട് പതുക്കെ താഴാൻ തുടങ്ങും. ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് നിർബന്ധമായും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ വേണം ഇട്ടുകൊടുക്കുവാൻ. അതുപോലെതന്നെ ധാരാളം വെള്ളം കുടിപ്പിക്കണം. ഇല്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ചൂട് ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടുകയാണ് വേണ്ടത്. കാരണം, എന്തുകൊണ്ടാണ് കുഞ്ഞിന് ചൂട് വരുന്നതെന്ന് നോക്കണം. ചിലപ്പോൾ തൊണ്ടപഴുപ്പോ, ചെവി പഴുപ്പോ ഒക്കെ കാരണമായിട്ടും കുഞ്ഞുങ്ങൾക്ക് ചൂടു നിൽക്കും. പരിശോധിച്ചുനോക്കിയാലേ അത് അറിയുവാൻ കഴിയുകയുള്ളൂ. ചെറിയ കുഞ്ഞുങ്ങൾക്ക് അവരുടെ താപനിലയിൽ വ്യതിയാനം വരുമ്പോൾ തലച്ചോറിന് അത് താങ്ങുവാൻ പറ്റാതെ വരും. അതേത്തുടർന്നാണ് 'ഫിറ്റ്‌സ്' വരുന്നത്. ചൂട് വളരെയധികം കൂടുമ്പോൾ തലച്ചോറിൽ ഒരു വ്യതിയാനം ഉണ്ടായിട്ടാണ് ഫിറ്റ്‌സ് വരുന്നത്.

ചൂടുവന്നുകഴിഞ്ഞാൽ ഫസ്റ്റ് ഡോസ് പാരസെറ്റമോൾ കൊടുക്കണം. അതിന്, കുഞ്ഞിന്റെ വെയിറ്റ് അനുസരിച്ചുള്ള ഡോസ് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിവച്ചിരിക്കണം. അതനുസരിച്ചുള്ള ഡോസേ നൽകാവൂ.

ഒപ്പം ദേഹം നന്നായി തുടച്ചുകൊടുക്കണം. പലരും നെറ്റിയിൽ മാത്രം തുണി നനച്ചിടും. അങ്ങനെയല്ല വേണ്ടത്. സാധാരണ വെള്ളത്തിൽ തുണി മുക്കി, കക്ഷം, ഇടുപ്പ്, മുതുക്.. തുടങ്ങി ശരീരം മുഴുവൻ തുടച്ചുകൊടുക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് തിളച്ച വെള്ളമോ ഐസ് വാട്ടറോ ഉപയോഗിക്കുവാൻ പാടില്ല. റൂം ടെംപറേച്ചറിലുള്ള വെള്ളം വേണം ഉപയോഗിക്കുവാൻ.

പലരും ചെയ്യുന്നത് പാരസെറ്റമോളും കൊടുത്തിട്ട് വീട്ടിൽതന്നെ ഇരിക്കുക എന്നതാണ്. അത് പാടില്ല. കാരണം കുറച്ചുമണിക്കൂറുകൾ കഴിയുമ്പോൾ വീണ്ടും ചൂടുകൂടും. പ്രത്യേകിച്ചും രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചെവി വേദനയെന്നോ തൊണ്ട വേദനയെന്നോ ഒന്നും പറയാനറിയില്ലല്ലോ. അതെന്തുകൊണ്ടാണെന്ന് പരിശോധിച്ചാലേ മനസ്സിലാകുവാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ചൂടിനുള്ള ആദ്യഡോസ് മരുന്നുകൊടുത്തിട്ട് ആശുപത്രിയിൽ കാണിക്കണം എന്നുപറയുന്നത്.

വയറിളക്കരോഗങ്ങൾ മിക്കവാറും ഛർദ്ദിയിലായിരിക്കും തുടങ്ങുന്നത്. ഛർദ്ദി തുടങ്ങി അടുത്ത ദിവസമായിരിക്കും വയറിളക്കം കൂടി വരുന്നത്. അപ്പോൾ ചെയ്യേണ്ടത്, മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ജലാംശം കുറവായിരിക്കും. അതിനാൽ രണ്ടുമൂന്നുവട്ടം വയറിളകുമ്പോൽതന്നെ ജലാംശം കുറഞ്ഞ് നിർജ്ജലീകരണത്തിലോട്ട് പോകും. അപ്പോൾ ഒ.ആർ.എസ് കൊടുക്കണം. അത് ഏതളവിൽ വേണമെന്ന് പായ്ക്കറ്റിൽ എഴുതിയിട്ടുണ്ടാവും. ചിലത് 200 മില്ലി വെള്ളത്തിൽ കലക്കേണ്ടതായിരിക്കും. ചിലത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കേണ്ടതായിരിക്കും.

ചില കുഞ്ഞുങ്ങൾ ഇത് കുടിക്കില്ല.  അപ്പോൾ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർന്ന നാരങ്ങാവെള്ളം ഒക്കെ കൊടുക്കാം. ഗ്ലൂക്കോസ് വെള്ളം, ചായ, കാപ്പി, ഇതൊന്നും വയറിളക്കമുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കരുത്. ഫ്രൂട്ട്‌സും കൊടുക്കരുത്. ഫൈബർ കൂടുതലുള്ളതിനാൽ അത് വയറിളക്കം കൂട്ടും. കഞ്ഞി, ആവിയിൽ പുഴുങ്ങിയ ഇഡ്ഡലി ഒക്കെ കൊടുക്കാം.

പിന്നെ പൊതുവായി വരുന്നത് ചുമയും ശ്വാസം മുട്ടുമാണ്. 6 മാസമൊക്കെയുള്ള കുഞ്ഞുങ്ങൾക്ക് മൂക്കൊലിപ്പൊക്കെയായിട്ടായിരിക്കും വരുന്നത്. ഒന്നുരണ്ട് ദിവസമാകുമ്പോൾ അത് ശ്വാസം മുട്ടായി മാറും. നിർത്താതെ ചുമയ്ക്കുക, നെഞ്ച് കുഴിയുക, കയ്യും കാലുമൊക്കെ നീലനിറമാവുക. ഒക്കെ കണ്ടാൽ സംഗതി അപകടകമാണെന്ന് മനസ്സിലാക്കണം.

ചുമയുണ്ടെങ്കിലും പലരും വച്ചുകൊണ്ട് വീട്ടിൽ തന്നെയിരിക്കും. അത് പാടില്ല. ഡോക്ടറെ കണ്ട് പരിശോധിച്ചെങ്കിലേ വിമ്മിഷ്ടമാണോ എന്നൊക്കെ അറിയാൻ പറ്റുകയുള്ളൂ. പെട്ടെന്നായിരിക്കും അത് ശ്വാസംമുട്ടലിലേക്ക് പോവുകയും, ഓക്‌സിജന്റെ അളവ് കുറയുകയുമൊക്കെ ചെയ്യുന്നത്. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ചെറിയ ചുമ വന്നാലും അത് ഗൗരവമായിട്ടെടുക്കണം. അതല്ലാതെ 'ഓ... ചെറിയൊരു ചുമയല്ലേ... അതങ്ങ് മാറിക്കോളും...' എന്നുപറഞ്ഞ് വച്ചുകൊണ്ടിരിക്കരുത്. ചുമ നീണ്ടുനിന്നാൽ കഫക്കെട്ട് കൂടി ന്യൂമോണിയായിലേക്കൊക്കെ പോയെന്നുവരാം.

മറ്റൊന്ന് വൈകല്യങ്ങളെ സംബന്ധിച്ചാണ്. പ്രസവിച്ചാലുടൻ കുഞ്ഞുങ്ങളുടെ കേൾവിയും കാഴ്ചയും ടെസ്റ്റ് ചെയ്യുന്ന രീതി, സർക്കാർ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലുമൊക്കയുണ്ട്. ഡിസ്ചാർജ്ജ് ആകുമ്പോൾ തന്നെ അത് ടെസ്റ്റ് ചെയ്തിട്ടാണ് വിടുന്നത്.

6 മാസമാകുമ്പോൾ കുഞ്ഞുങ്ങൾ അവ്യക്തമായ ശബ്ദം ഉണ്ടാക്കിത്തുടങ്ങും. ഒരു വയസ്സാകുമ്പോൾ ഒന്നോ രണ്ടോ വാക്കുകൾ വ്യക്തമായി പറയണം. ഒന്നര വയസ്സിൽ 6 മുതൽ 8 വാക്കുകൾ വരെ പറയണം. 2 വയസ്സാകുമ്പോൾ രണ്ട് വാക്കുകൾ ചേർത്തുപറയണം. അതായത് വെള്ളം വേണം.. എനിക്ക് പോണം... എന്നൊക്കെ. 3 വയസ്സുതൊട്ട് സാധാരണഗതിയിൽ സംസാരിക്കുകയും, പാട്ടുപാടുകയുമൊക്കെ ചെയ്യും. അത് മനസ്സിലാക്കി 6 മാസം മുതൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം.

ഓരോ മാസത്തിലും കുഞ്ഞുങ്ങൾ കൈവരിക്കേണ്ടുന്ന ഡവലപ്‌മെന്റുണ്ട്. 5 മാസമാകുമ്പോൾ തല നിവർത്തിപ്പിടിക്കണം. 6-ാം മാസത്തിൽ കമിഴ്ന്നുവീഴണം. 9 മാസമാകുമ്പോൾ ഫർണിച്ചറിലൊക്കെപ്പിടിച്ച് നിൽക്കണം. 12 മാസമൊക്കെയാകുമ്പോൾ നമ്മുടെ വിരലിൽ പിടിച്ച് പിച്ചവയ്ക്കും. ഒന്നേകാൽ വയസ്സൊക്കെ ആകുമ്പോൾ സഹായം ഇല്ലാതെതന്നെ നടന്നുതുടങ്ങും.

ഒരു കാര്യം ഓർത്താൽ മതി. ആദ്യപിറന്നാൾ കഴിയുമ്പോൾ പിടിച്ചു നടക്കണം. ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ ഒന്നോ രണ്ടോ മാസം കൂടി നോക്കിയിട്ട് ഡോക്ടറെ കാണണം. എന്താണ് പ്രശ്‌നമെന്ന് വൈദ്യപരിശോധനയിലൂടേയും ടെസ്റ്റുകളിലൂടേയും മനസ്സിലാക്കാൻ സാധിക്കും. മിക്ക സന്ദർഭങ്ങളിലും ചില എക്‌സർസൈസിലൂടേയും വളർച്ച പിക്കപ്പ് ചെയ്യുവാൻ സാധിക്കും. രണ്ട് വയസ്സ് കഴിഞ്ഞിട്ടാണ് കുഞ്ഞ് നടക്കില്ല എന്നുപറഞ്ഞ് ഡോക്ടറുടെ അടുക്കൽ ചെല്ലുന്നതെങ്കിൽ, പിന്നെ എക്‌സർസൈസ് തുടങ്ങിയാലും പിക്കപ്പ് ചെയ്തുവരാൻ കാലതാമസം പിടിക്കും. ചിലപ്പോൾ ശരിയാകണമെന്നുമില്ല.

ചുരുക്കിപ്പറഞ്ഞാൽ 6 വയസ്സുവരെ കുഞ്ഞുങ്ങളെ കണ്ണിലെണ്ണയൊഴിച്ചിരുന്ന് നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണുകയും വേണം. ഉപേക്ഷ കാണിക്കരുത്.

തയ്യാറാക്കിയത്: പി. ജയചന്ദ്രൻ

 

ഡോ. അഞ്ജന ഡി.ആർ, 

പീഡിയാട്രീഷ്യൻ,

ഹോളിക്രോസ് ഹോസ്പിറ്റൽ,

കൊട്ടിയം, കൊല്ലം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.