
കേരളശബ്ദം മാനേജിംഗ് എഡിറ്റർ ഡോക്ടർ ബി .എ .രാജാകൃഷ്ണൻ അന്തരിച്ചിട്ട് അഞ്ചുവർഷം
മൂന്നുപതിറ്റാണ്ടുകാലം ഉണർവ്വും ഉത്തേജനവും പ്രോത്സാഹനവും നൽകി എന്നിലെ എളിയ പത്രപ്രവർത്തകനെ മുന്നോട്ടുനയിച്ച മാർഗ്ഗദർശിയും ആശ്രയകേന്ദ്രവുമാണ് ഡോക്ടരുടെ വേർപാടിലൂടെ ഇല്ലാതായത് . പത്രാധിപർ എന്നതിലുപരി സ്നേഹത്തിന്റെ നിറകുടവും നന്മയുടെ പ്രതീകവുമായ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഡോക്ടർ .വടക്കേ മലബാറിന്റെ കിഴക്കൻ മലയോരത്ത് കിടക്കുന്ന ഞാൻ ഡോക്ടറെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ പത്രലോകത്ത് ഒന്നുമാകില്ലായിരുന്നു .എന്നിലെ പത്രപ്രവർത്തകനെ കണ്ടെത്തിയതും വളർത്തിയതും സംരക്ഷിച്ചതും ഡോക്ടറാണ് .എൺപത്തിയഞ്ചിലാണ് ആ ശബ്ദം ഫോണിലൂടെ ആദ്യമായി കേട്ടത് .അടുത്ത വർഷം നേരിൽ കണ്ടു .പിന്നെ രൂപപ്പെട്ടത് വല്ലാത്തൊരു ആത്മബന്ധമാണ് .ഒരിക്കലും മറക്കാത്ത എത്രയെത്ര അനുഭവങ്ങൾ .മാധ്യമരംഗം കച്ചവടവത്ക്കരിക്കപ്പെട്ടപ്പോൾ ആ സ്വാധീനത്തിന് വഴങ്ങാതെ സാമുഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവർത്തനം എന്താണെന്ന് ഡോക്ടർ കേരളത്തിന് കാട്ടിക്കൊടുത്തു .
[Dr ബി എ രാജാകൃഷ്ണൻ, മമ്മൂട്ടി എന്നിവർ ബാംഗ്ലൂരിൽ കൃഷ്ണതുളസി സോപ്പ് ന്റെ ഒരു സ്റ്റാൾ ഉൽഘാടന വേളയിൽ]
ഡോക്ടറുടെ ചിന്താനിലവാരത്തിലെത്താൻ ഞങ്ങളൊക്കെ വല്ലാതെ ക്ലേശിച്ചിരുന്നു .അപ്പോഴും സ്വതഃസിദ്ധമായ ചിരിയോടെ ഡോക്ടർ പറയും .ശ്രമിക്കൂ .ശ്രമിച്ചാൽ നടക്കും .ആ ഉള്ളിൽ തട്ടിയ പ്രോത്സാഹനമാണ് ഞങ്ങളെ ഇവിടെവരെ എത്തിച്ചത് .നിരവധി സാംസ്‌കാരിക സംഘടനകളുടെയും ജീവകാരുണ്യ കൂട്ടായ്മയുടെയും നേതൃത്വം വഹിച്ച ഡോക്ടർ സാമുഹ്യ പ്രവർത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു .ആ വെളിച്ചമാണ് പൊലിഞ്ഞുപോയത് .ഈ കുറിപ്പുകാരൻ മാധ്യമരംഗത്ത് കാൽനൂറ്റാണ്ട് പിന്നിട്ട അവസരത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആമുഖത്തിൽ ഡോക്ടർ എഴുതി ."മഹാരഥന്മാരായ പത്രപ്രവർത്തകരിലൂടെ തുടക്കം കുറിച്ച ഈ പ്രയാണത്തിൽ രണ്ടാം തലമുറയെ പ്രതിനിധീകരിക്കുന്ന തിളങ്ങുന്ന കണ്ണികളിലൊരാളാണ് വിഷ്ണുമംഗലം കുമാർ .അതുകൊണ്ടുതന്നെ കുമാറിന്റെ കാൽനൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനം കേരളശബ്ദത്തിന്റെ ചരിത്രം കൂടിയാവുന്നു ".ഡോക്ടർക്ക് മാത്രമെ അങ്ങനെ എഴുതാനാവു .ആ വലിയ മനസ്സിന്റെ പ്രതിഫലനമാണത് .ആ തൂവൽസ്പർശം എനിക്കിപ്പോഴും അനുഭവഗോചരമാവുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പിലേക്ക് അക്ഷരങ്ങൾ ചേർത്തുവെക്കുമ്പോഴും ഡോക്ടരുടെ അദൃശ്യ സ്വാധീനമാണെന്നെ ചൂഴ്ന്നുനിൽക്കുന്നത് .ഡോക്ടറെക്കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല .....