
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എസ് എൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ അന്വേഷണം നടത്തണമെന്നും വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കണമെന്ന് ആവിശ്യപ്പെട്ട് സർക്കാരിന് വ്യാജ പരാതി നൽകിയ വ്യക്തിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി.
നീതിപൂർവ്വം കൃത്യനിർവ്വഹണ ജോലി ചെയ്യുവാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആയത് ചെയ്യാത്തതിന്റെ ഉദാഹരണമാണ് നിലവിൽ തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവത്തിലൂടെ വ്യക്തമാകുന്നത്.
ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ പരസ്പരം പോര് അടിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് സ്പർദ്ദ ഉണ്ടാക്കുവാൻ ഉപയോഗിക്കുകയും ചെയ്യുന്നു. സർക്കാർ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് മാത്രം ഉണ്ടാകുന്ന വീഴ്ചകൾ വിവാദം ഉണ്ടായിട്ടുപോലും പരിശോധിക്കുവാൻ ഉദ്യോഗസ്ഥ പ്രമുഖർ തയ്യാറാകാത്തതിന്റെ ഫലമാണ് നിസ്സാര വിഷയങ്ങളിൽ പോലും കോടതി ഇടപെടലുകൾക്ക് വഴിയൊരുക്കുന്നത്. ഉദ്യോഗസ്ഥർ കാണിക്കുന്ന വീഴ്ചകൾ സർക്കാരിനെ വിമർശിക്കുവാൻ ആയുധമാക്കുന്ന പ്രവണത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അന്യായത പ്രവർത്തിക്കുകയും തെറ്റുകൾ തിരുത്താൻ അനാസ്ഥ കാണിക്കുകയും ചെയ്യുന്ന സമീപനങ്ങളെ ഗവണ്മെന്റ് അതീവ ഗൗരവപരമായി കാണണമെന്നും പരാതിയിൽ അഡ്വ . കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കുന്നു.
Photo Courtesy - Google










