
സിനിമാ മേഖലയിൽ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കാസ്റ്റിങ് കൗച്ചും ലൈംഗിക ചൂഷണവും. സിനിമയിലെ ദുരനുഭവങ്ങളെക്കുറിച്ച് നിരവധി താരങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഹുബലി താരം രമ്യാകൃഷ്ണൻ. സിനിമാ മേഖലയിൽ ഇന്നും ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും ചൂഷണം ഒരു പ്രത്യേക ലിംഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും താരം തുറന്നുപറഞ്ഞു.
'റോ ടോക്സ് വിത്ത് വി.കെ' എന്ന അഭിമുഖ പരിപാടിയിലായിരുന്നു രമ്യാകൃഷ്ണന്റെ പ്രതികരണം. അമേരിക്കയിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന് എപ്സ്റ്റീൻ ഫയലുകൾ ഉദാഹരണമാണെന്ന് താരം ചൂണ്ടിക്കാട്ടി.
"സ്ത്രീകൾ ഏറെ മുന്നേറിയിട്ടുള്ള അമേരിക്കയിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇവിടെ ഇതൊന്നും നടക്കുന്നില്ലെന്ന് പറയാൻ കഴിയില്ല. സംഭവിക്കുന്നുണ്ട്, മുമ്പും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിച്ചുകൊണ്ടിരിക്കും. എന്നാൽ ഒരാൾക്ക് സമ്മതിക്കാനോ നിരസിക്കാനോ അവസരം ലഭിച്ചിരുന്നോ എന്നതിലൊക്കെ കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും," രമ്യാകൃഷ്ണൻ പറഞ്ഞു.
നിർബന്ധിച്ചോ സ്വന്തം താൽപര്യപ്രകാരമോ നിസ്സാരമായ രീതിയിലോ ആകട്ടെ, ഇത്തരം അനുഭവങ്ങൾ പല മേഖലകളിലും ഉണ്ടാകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സിനിമ ഒരു ഗ്ലാമർ മേഖലയായതിനാലാണ് ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ സിനിമയ്ക്ക് പുറത്തും നിരവധി സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ലിംഗവ്യത്യാസമില്ലാതെ ചൂഷണം സംഭവിക്കുന്നുണ്ടെന്നും രമ്യാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയിൽ മുൻകാലങ്ങളിൽ സ്ത്രീകൾ നേരിട്ടിരുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും താരം അഭിമുഖത്തിൽ ഓർത്തെടുത്തു. അക്കാലത്ത് സിനിമാ സെറ്റുകളിൽ ശുചിമുറികളോ കാരവാനുകളോ വസ്ത്രം മാറുന്നതിനുള്ള സ്വകാര്യ ഇടങ്ങളോ ഉണ്ടായിരുന്നില്ല. ചില സന്ദർഭങ്ങളിൽ അംബാസഡർ കാറിനുള്ളിലിരുന്ന് കുപ്പികളിൽ മൂത്രമൊഴിക്കേണ്ട സാഹചര്യം പോലും വനിതാ താരങ്ങൾക്ക് ഉണ്ടായിരുന്നുവെന്ന് രമ്യാകൃഷ്ണൻ വെളിപ്പെടുത്തി.
ഷൂട്ടിങ്ങിനിടയിലെ സമയം ലാഭിക്കാൻ പലപ്പോഴും താരങ്ങൾ സ്വന്തം മേക്കപ്പ് സ്വയം ചെയ്യുമായിരുന്നു. അന്നത്തെ ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അഭിനേതാക്കൾ ഏറെ ഭാഗ്യവാന്മാരാണെന്നും മുൻതലമുറയിലെ താരങ്ങൾ നേരിട്ട പ്രയാസങ്ങളുടെ നാലിലൊന്ന് പോലും ഇന്നുള്ളവർ അനുഭവിക്കുന്നില്ലെന്നും അവർ പറഞ്ഞു.
രജനികാന്തിനൊപ്പം അഭിനയിച്ച 'ജയിലർ 2' ആണ് രമ്യാകൃഷ്ണന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 'രാക', 'ശ്രീ ശ്രീ', 'പോക്കറ്റ് നോവൽ', 'തേരാ യാർ ഹൂൻ മേൻ' തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.










