04:07am 29 October 2026
NEWS

ബഹിരാകാശ സഞ്ചാരിയുടെ ആരോ​ഗ്യനില വഷളായി; ക്രൂ–11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

15/01/2026  07:44 AM IST
nila
 ബഹിരാകാശ സഞ്ചാരിയുടെ ആരോ​ഗ്യനില വഷളായി; ക്രൂ–11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐഎസ്എസ്) ക്രൂ–11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ദൗത്യസംഘത്തിലെ ഒരംഗത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്നാണ് ദൗത്യം നിശ്ചയിച്ചതിലും മുമ്പേ അവസാനിപ്പിച്ചത്. ഐഎസ്എസിന്റെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് ഒരു ബഹിരാകാശയാത്രികന്റെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കി സംഘത്തെ തിരിച്ചയക്കുന്നത്.

യുഎസ്, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ–11 സംഘത്തിലുള്ളത്. സീന കാർഡ്‍മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങുന്നത്. സ്വകാര്യത മാനിച്ച്, ആരാണ് അസുഖബാധിതനെന്നും രോഗത്തിന്റെ സ്വഭാവവും നാസ വെളിപ്പെടുത്തിയിട്ടില്ല.ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ മടക്കം.

ഇവരുടെ മടക്കത്തോടെ ഐഎസ്എസിലെ അംഗസംഖ്യ താൽക്കാലികമായി കുറയും. നിലവിൽ ഏഴ് പേരുണ്ടായിരുന്നിടത്ത്, ക്രൂ–11 സംഘം മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ ബഹിരാകാശയാത്രികരുമാണ് നിലയത്തിൽ തുടരുക. രോഗബാധിതനായ സഞ്ചാരിയെ ഭൂമിയിലെത്തിയ ഉടൻ വൈദ്യപരിശോധനയ്ക്കായി മാറ്റും.

ഡ്രാഗൺ പേടകം ഐഎസ്എസിൽ നിന്ന് വിജയകരമായി അൺഡോക്ക് ചെയ്തതായി നാസ അറിയിച്ചു. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ച് നിലയത്തിൽ നിന്ന് വേർപെട്ട പേടകം ഏകദേശം പത്ത് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.11ഓടെ കലിഫോർണിയ തീരത്തിന് സമീപം കടലിൽ ഇറങ്ങും.

2025 ഓഗസ്റ്റിലാണ് ക്രൂ–11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ദൗത്യം തുടരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സംഘത്തിലെ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായതോടെ മടക്കം നേരത്തെയാക്കുകയായിരുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img