
ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനോ അതിന്റെ പ്രാധാന്യം കുറയ്ക്കാനോ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് സ്ഥാപനം വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു.
ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ വികസനം, രാജ്യത്തിന്റെ തന്ത്രപ്രധാനമായ ബഹിരാകാശ ദൗത്യങ്ങൾ എന്നിവയിൽ ഐഎസ്ആർഒയുടെ നിർണായക പങ്ക് തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു. ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ഐഎസ്ആർഒയുടെ പ്രാധാന്യം കുറയ്ക്കില്ലെന്നും മറിച്ച് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിലും ഗവേഷണ-വികസന പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്ഥാപനത്തെ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിവാദത്തിന് തുടക്കമിട്ടത് ഇൻ-സ്പേസ് ചെയർമാന്റെ പരാമർശം
ഐഎസ്ആർഒയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് തുടക്കമിട്ടത് ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) ചെയർമാൻ ഡോ. പവൻ ഗോയങ്കയുടെ സമീപകാല പരാമർശങ്ങളാണ്. ഭാവിയിൽ ഐഎസ്ആർഒ സ്വന്തമായി റോക്കറ്റുകൾ നിർമിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഈ ചുമതലകൾ സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐഎസ്ആർഒ പ്രധാനമായും ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതോടെ ഐഎസ്ആർഒ ജീവനക്കാരുടെ സംഘടനകൾ ആശങ്കയുമായി രംഗത്തെത്തി. ദേശീയ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കണമെന്ന സ്വപ്നവുമായി സ്ഥാപനത്തിലെത്തുന്ന ആയിരക്കണക്കിന് യുവാക്കളുടെയും നിലവിലെ ജീവനക്കാരുടെയും ആത്മവിശ്വാസത്തെ ഇത്തരം പ്രസ്താവനകൾ ബാധിക്കുമെന്നാണ് സംഘടനകളുടെ നിലപാട്.
ബഹിരാകാശ വകുപ്പിന്റെ ഭാഗത്തുനിന്ന് നയപരമായ മാറ്റത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ നടപടികളിൽ വ്യക്തത വേണമെന്നും അവർ ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയ്ക്ക് സാങ്കേതികവിദ്യ കൈമാറും
അതേസമയം, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യപങ്കാളിത്തം ഇതിനകം തന്നെ ശക്തമാക്കുന്നുണ്ട്. എസ്എസ്എൽവി റോക്കറ്റിന്റെ നിർമാണ സാങ്കേതികവിദ്യ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ എൽവിഎം-3ന്റെ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള ലേല നടപടികളും പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പ്രധാന വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ സാങ്കേതികവിദ്യ സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നതിനുള്ള നീക്കങ്ങളും സജീവമാണ്.
ഉപഗ്രഹ നിർമാണ മേഖലയിലും സ്വകാര്യപങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് 986 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന സ്മോൾ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്സ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറുന്നതിനായി ഇൻ-സ്പേസ് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യ മേഖലയിലേക്കുള്ള ഈ മാറ്റങ്ങൾ ഐഎസ്ആർഒയുടെ പ്രസക്തി ഇല്ലാതാക്കുന്നതല്ലെന്നും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ വ്യാപ്തിയും പ്രവർത്തനരീതിയും വികസിപ്പിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഐഎസ്ആർഒയുടെ വിശദീകരണം.











