
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.
GISAT-1A എന്ന പേരിലും അറിയപ്പെടുന്ന ഇഓഎസ്-05, രാജ്യത്തിന്റെ ഭൗമനിരീക്ഷണ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഉപഗ്രഹമാണ്. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് ഏതാനും നൂറ് കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇഓഎസ്-05 ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ പ്രവർത്തിക്കും.
ഇതോടെ ഒരു പ്രത്യേക പ്രദേശത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിശാലമായ ഭൂപ്രദേശങ്ങളെ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ ഇത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.
ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ ദുരന്തങ്ങൾക്കിടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മണിക്കൂറുകളുടെ ഇടവേളയിൽ ലഭിക്കുന്ന ചിത്രങ്ങളെ ആശ്രയിക്കുന്ന നിലവിലെ രീതിക്ക് പകരം, ദുരന്തബാധിത മേഖലകളിലെ സ്ഥിതിഗതികൾ കൂടുതൽ വേഗത്തിൽ വിലയിരുത്താൻ പുതിയ സംവിധാനം സഹായിക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കൊപ്പം അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖല തുടങ്ങിയ രംഗങ്ങളിലും ഇഓഎസ്-05ൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. പ്രകൃതിയിലെ മാറ്റങ്ങളും മനുഷ്യപ്രവർത്തനങ്ങളുടെ ആഘാതങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനും ഉപഗ്രഹം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.










