10:24am 12 November 2026
NEWS

ഖത്തറിൽ കരയാക്രമണം നടത്താനുള്ള നെതന്യാഹുവിന്റെ നീക്കം തടഞ്ഞ് മൊസാദ്

14/09/2025  06:33 AM IST
nila
 ഖത്തറിൽ കരയാക്രമണം നടത്താനുള്ള നെതന്യാഹുവിന്റെ നീക്കം തടഞ്ഞ് മൊസാദ്

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. എന്നാൽ, ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഈ നീക്കം തടയുകയായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖത്തറിൽ കരയാക്രമണം നടത്താനുള്ള നീക്കം മൊസാദ് തടഞ്ഞതോടെയാണ് വ്യോമാക്രമണം നടത്താൻ തീരുമാനിച്ചത്. വാഷിങ്ടൻ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച്ച ദോഹയിൽ നടത്തിയ വ്യോമാക്രമണം പരാജയമായിരുന്നെന്നും ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേലിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു, 

കരയാക്രമണം നടത്തിയാൽ ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്നുമായിരുന്നു മൊസാദിന്റെ ഭയം. ഇതോടെയാണ് ഖത്തറിലെ ഹമാസ് നേതൃനിരയെ ലക്ഷ്യമിട്ടുള്ള കരയാക്രമണത്തെ മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബാർണിയ എതിർത്തത്. ഇതോടെ കരയാക്രമണത്തിനുപകരം ഇസ്രയേൽ 15 പോർവിമാനങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിന് 10 മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ ഹമാസ് നേതൃത്വനിരയിലെ ആരും ഉണ്ടായിരുന്നില്ല. ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണം പരാജയമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹമാസിന്റെ ഖത്തർ ആസ്ഥാനമായുള്ള നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമാം ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇസ്രയേൽ പ്രതിരോധ സേനയിലെ ഭൂരിഭാഗവും ഖത്തറിനെതിരായ ആക്രമണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതായി ഇസ്രയേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ, മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവർ ഇതിനെ എതിർത്തതായി റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img