04:16pm 17 August 2026
NEWS
ഗാസയിൽ ‘ഓരോ രാത്രിയും 30–40 പേരെ കൊല്ലണം’; വിവാദ പരാമർശവുമായി ഇസ്രയേൽ മന്ത്രി
17/08/2026  11:31 AM IST
nila
ഗാസയിൽ ‘ഓരോ രാത്രിയും 30–40 പേരെ കൊല്ലണം’; വിവാദ പരാമർശവുമായി ഇസ്രയേൽ മന്ത്രി

ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെക്കുറിച്ച് വിവാദ പരാമർശവുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഗാസയിൽ എല്ലാ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണമെന്നാണ് ബെൻ ഗ്വിർ പറഞ്ഞത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പല വിഷയങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്‌ലാവ്ക്‌സിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ പരാമർശം നടത്തിയത്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽനിന്ന് ഇസ്രയേൽ കരകയറിയതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു വിവാദ പ്രതികരണം.

'ഞാൻ പ്രധാനമന്ത്രിയുമായി (നെതന്യാഹു) വിയോജിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക എന്നതാണ് ഗാസയിൽ നടപ്പാക്കേണ്ടത്. ഓരോ രാത്രികളിലും 30 മുതൽ 40 വരെ ആളുകളെ വധിക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല. ജീവിക്കാൻ അർഹതയില്ലാത്ത ആളുകൾ അവിടെയുണ്ട്. അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ. അവർ മനുഷ്യർ പോലുമല്ല.' -ബെൻ ഗ്വിർ പറഞ്ഞു.

ഗാസയിലെ ഇസ്രയേൽ നടപടികളെക്കുറിച്ച് ബെൻ ഗ്വിറും മറ്റ് ഇസ്രയേലി ഉദ്യോഗസ്ഥരും നേരത്തെയും സമാനമായ കടുത്ത പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളിൽ ചിലത് ഗാസയിൽ വംശഹത്യ നടക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) തെളിവുകളായി ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്.

അതേസമയം, ഗാസയിൽ വംശഹത്യ നടത്തുന്നതായുള്ള ആരോപണം ഇസ്രയേൽ ഔദ്യോഗികമായി നിഷേധിച്ചുവരികയാണ്. ഇതിനിടെയാണ് ദേശീയ സുരക്ഷാ മന്ത്രിയുടെ പുതിയ പരാമർശം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img