12:14am 08 June 2026
NEWS
വെസ്റ്റ് ബാങ്കിൽ അമ്മയുടെ മടിയിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി
07/06/2026  07:33 PM IST
nila
വെസ്റ്റ് ബാങ്കിൽ അമ്മയുടെ മടിയിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി

വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാലയിലെ അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം അബൂ ഹൈക്കലാണ് മരിച്ചത്.

ടെൽ റുമൈദ മേഖലയിലൂടെ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഫഹദിന്റെ വാഹനത്തിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം സൈന്യം വെടിയുതിർത്തത്. ഫഹദിന്റെ കൈയിലൂടെ കടന്ന വെടിയുണ്ട, അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല.

വാഹനം സൈനികർക്കുനേരെ അതിവേഗത്തിൽ എത്തിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ സൈനികരുടെ നിർദേശപ്രകാരം വാഹനം നിർത്തി കൈകൾ ഉയർത്തിക്കാണിച്ച ശേഷമാണ് വെടിയുതിർന്നതെന്ന് ഫഹദ് പ്രതികരിച്ചു. പകൽസമയമായതിനാൽ വാഹനത്തിലുണ്ടായിരുന്നത് ഒരു കുടുംബമാണെന്ന് സൈനികർക്ക് വ്യക്തമായി കാണാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ ഇസ്രയേൽ സൈന്യം, കൊല്ലപ്പെട്ടവർ സാധാരണ പൗരന്മാരാണെന്ന് സ്ഥിരീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഫഹദിന്റെ ഭാര്യ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഫഹദിനൊപ്പം ഭാര്യയും 11 വയസ്സുള്ള മകനും മാതാവും വാഹനത്തിലുണ്ടായിരുന്നു. വെടിവെപ്പിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 240-ലധികം കുട്ടികളും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img