02:36pm 31 July 2026
NEWS
ഇസ്രയേൽ സൈന്യത്തിൽ കലാപം; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങിയതായി റിപ്പോർട്ട്
31/07/2026  08:30 AM IST
nila
ഇസ്രയേൽ സൈന്യത്തിൽ കലാപം; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങിയതായി റിപ്പോർട്ട്

ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബറ്റാലിയൻ പാരമ്പര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇസ്രയേൽ സൈന്യത്തിൽ അച്ചടക്ക പ്രതിസന്ധിയുണ്ടായത്. തെക്കൻ ഇസ്രയേലിലെ നെഗെവ് മരുഭൂമിയിലുള്ള സ്ദെ തെയ്മാൻ സൈനിക ക്യാമ്പിൽ നിന്ന് ഗിവാത്തി ബ്രിഗേഡിന്റെ സബാർ ബറ്റാലിയനിലെ നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ ഗുരുതരമായ അച്ചടക്ക ലംഘനമായാണ് ഇസ്രയേൽ സൈന്യം വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ക്യാമ്പിനുള്ളിൽ സൈനികർ സ്ഥാപിച്ചിരുന്ന ചില ബോർഡുകൾ നീക്കം ചെയ്യാൻ കമാൻഡർ നിർദേശിച്ചതാണ് തർക്കത്തിന് വഴിവെച്ചത്. പുതുതായി ബറ്റാലിയനിൽ എത്തുന്ന സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് ബോർഡുകളിലുണ്ടായിരുന്നതെന്നും അതിനാലാണ് അവ നീക്കം ചെയ്യാൻ നിർദേശിച്ചതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ, ഇത്തരം ബോർഡുകൾ ബറ്റാലിയനിൽ വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിഷേധിച്ച സൈനികരുടെ വാദം. ഇതിൽ പ്രതിഷേധിച്ച് ചിലർ ആയുധങ്ങൾ ക്യാമ്പിൽവെച്ച് ഉപേക്ഷിച്ച ശേഷം പുറത്തേക്കിറങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം ഇസ്രയേൽ സൈന്യത്തിനുള്ളിലെ അച്ചടക്കവും ആഭ്യന്തര ഐക്യവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img