
ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ–യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താ ഏജൻസിയായ എഫ്പിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം.
ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമായിരുന്നു ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആക്രമണ സമയത്ത് ഖമനേയി ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നുവെന്ന് ഇസ്രയേൽ ടിവി ചാനലായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. ആക്രമണ സമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ പ്രധാന രാഷ്ട്രീയ-സൈനിക നേതാക്കളെല്ലാം തന്നെ ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നും ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ കൊട്ടാരം തകർന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ജീവനോടെയുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ IRNA അറിയിച്ചു. ആക്രമണങ്ങൾക്ക് പിന്നാലെ ടെലഗ്രാം പോസ്റ്റിലൂടെയായിരുന്നു ഈ സ്ഥിരീകരണം.
ശനിയാഴ്ച രാവിലെ ഇറാനും ഇസ്രേയലും തമ്മിൽ പരസ്പരം മിസൈൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ, യുഎസിന്റെ പിന്തുണയോടെ ഇസ്രയേൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.











