08:58am 12 September 2026
NEWS
അറബ് രാജ്യങ്ങൾക്കൊപ്പം ചേരാൻ ഇസ്രയേൽ; ഹൂതികളെ തുരത്താൻ നെതന്യാഹുവിന്റെ നിർണായക നീക്കം
12/09/2026  07:29 AM IST
nila
അറബ് രാജ്യങ്ങൾക്കൊപ്പം ചേരാൻ ഇസ്രയേൽ; ഹൂതികളെ തുരത്താൻ നെതന്യാഹുവിന്റെ നിർണായക നീക്കം

ടെൽ അവീവ്: യെമനിലെ ഹൂതി വിമതർക്കെതിരെ അറബ് രാജ്യങ്ങളുമായി സഹകരിച്ച് സൈനിക നീക്കത്തിന് ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൂതി ഭീഷണി നേരിടാൻ അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിന്റെ സഹായം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തതായാണ് വിവരം. യുഎസ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ലെബനീസ് പത്രമായ ‘അൽ അക്ബർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചെങ്കടലിലെയും ബാബ് അൽ-മന്ദേബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് ഹൂതികൾ ഉയർത്തുന്ന ഭീഷണിയാണ് ഇസ്രയേലിന്റെ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. യെമന്റെ പടിഞ്ഞാറൻ തീരത്ത് ഹൂതികൾ സാന്നിധ്യം ശക്തമാക്കുന്നതും ഇസ്രയേൽ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്.

വാണിജ്യ കപ്പൽപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ അറബ് രാജ്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ ഇസ്രയേൽ തയ്യാറാണെന്നാണ് നെതന്യാഹു വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹൂതികൾക്കെതിരെ നേരത്തെ സൈനികമായി രംഗത്തുണ്ടായിരുന്ന സൗദി അറേബ്യ ഇസ്രയേലിന്റെ വാഗ്ദാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യെമനിലെ ഔദ്യോഗിക സർക്കാരിനാണ് സൗദി പിന്തുണ നൽകുന്നത്. ഹൂതികൾക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന സൗദി കിരീടാവകാശിയുടെ ആവശ്യം യുഎസ് നേരത്തെ നിരസിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാബ് അൽ-മന്ദേബിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിലേക്ക് ഹൂതികൾ നീക്കം ശക്തമാക്കുന്നതാണ് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിഷയം. ദ്വീപിൽ സ്വാധീനം ഉറപ്പിക്കാൻ ഹൂതികൾക്ക് കഴിഞ്ഞാൽ ആഗോള വ്യാപാരത്തിന് നിർണായകമായ കപ്പൽപാതയിൽ അവരുടെ നിയന്ത്രണം ശക്തമാകുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ.

ബാബ് അൽ-മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികളുടെ കൈകളിലെത്തുന്നത് ഹോർമുസ് കടലിടുക്കിലെ സാഹചര്യത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേലിന്റെ വ്യാപാരത്തിനും സാമ്പത്തിക മേഖലയ്ക്കും ഏറെ പ്രാധാന്യമുള്ള സമുദ്രപാതയാണ് ബാബ് അൽ-മന്ദേബ്. ഹൂതികളുടെ ശക്തി വർധിച്ചാൽ ചെങ്കടൽ വഴി ഈലാറ്റ് ഉൾപ്പെടെയുള്ള ഇസ്രയേൽ മേഖലകളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ഹൂതി ഭീഷണി കണക്കിലെടുത്ത് ഈലാറ്റിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ സൈന്യം പ്രത്യേക സൈനികാഭ്യാസം നടത്തിയിരുന്നു. കടൽ, വ്യോമ, കര മാർഗങ്ങളിലൂടെ നഗരത്തിലേക്ക് വലിയ തോതിൽ ആക്രമണമോ നുഴഞ്ഞുകയറ്റമോ ഉണ്ടായാൽ അതിനെ നേരിടാനുള്ള ശേഷി പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

ഹോട്ടലുകൾ, സ്കൂളുകൾ, ഷോപ്പിങ് സെന്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ആക്രമികൾ പിടിച്ചെടുക്കുന്ന സാഹചര്യവും സൈനികാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഒരേസമയം നിരവധി പേരെ ബന്ദികളാക്കുന്ന സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനം എങ്ങനെ നടത്തണമെന്നതും സൈന്യം പരിശീലിച്ചു.

ചെങ്കടൽ മേഖലയിലെ ഹൂതി സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിനിടെ ഇസ്രയേൽ നടത്തുന്ന ഈ നീക്കങ്ങൾ മേഖലയിൽ പുതിയ സൈനിക സഖ്യത്തിനുള്ള സാധ്യതകൾക്കും വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img