
ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളാണ് പൊട്ടിത്തെറിച്ചത്. രണ്ട് ബസുകൾക്കുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി. ഭീകരാക്രമണമെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. സ്ഫോടനങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
സ്ഫോടന പരമ്പരക്ക് പിന്നാലെ രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊട്ടിത്തെറിച്ചതും നിർവീര്യമാക്കിയതുമുൾപ്പെടെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുമെന്നാണ് വിവരം. ഹമാസ് ബന്ദികളാക്കിയവരിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ വിട്ടുകൊടുത്ത് മണിക്കൂറുകൾക്കകമാണ് സ്‌ഫോടനങ്ങൾ നടന്നത്.











