
ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയുടെ മൂന്നിൽ രണ്ടു ഭാഗം പ്രദേശങ്ങളും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഒസിഎച്ച്എ പറയുന്നു. ഈ പ്രദേശത്തേക്ക് പലസ്തീനികൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ഏജൻസി വെളിപ്പെടുത്തി.
തെക്കൻ റാഫയുടെ വലിയ പ്രദേശം ഉൾപ്പെടെ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം 31ന് തെക്കൻ റാഫയിൽ നിന്ന് ഒഴിയണമെന്ന് ഇസ്രയേൽ പ്രദേശവാസികളോട് നിർദ്ദേശിച്ചിരുന്നു. ഈ പ്രദേശത്തെ നിരോധിത മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളിലേക്കും ഇനി പലസ്തീനികൾ പ്രവേശിക്കരുത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ്.
വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമാക്രമണത്തിൽ 38 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 112 പേർക്ക് ജീവൻ നഷ്ടമായി.











