
ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചു. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. താബ്രിസ്, ഇസ്ഫഹാൻ, കരാജ് തുടങ്ങിയ നഗരങ്ങളിലായിരുന്നു ആക്രമണം. ടെഹ്‌റാനിൽ രണ്ട് ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങൾ ഉണ്ടായതായും വിവരമുണ്ട്. ഇസ്രയേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചത്.
അതേസമയം, ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ആക്രമണം നടന്നതെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സുരക്ഷാ സാഹചര്യത്തെ തുടർന്ന് ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന വിമാനത്താവളം ഈ വർഷം ഏപ്രിലിലാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
ഞായറാഴ്ച ഇറാൻ ഇസ്രയേലിന്റെ വടക്കൻ മേഖലകൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മുന്നറിയിപ്പെന്ന നിലയിലാണ് തങ്ങളുടെ നടപടി ഉണ്ടായതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയംരക്ഷാ നടപടിയാണ് ആക്രമണമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
ഇറാനെയോ ലെബനനെയോ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാനും ഐആർജിസിയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇറാന്റെ ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയും വ്യക്തമാക്കിയിരുന്നു.










