01:08am 10 November 2026
NEWS
ടെഹ്റാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ
17/06/2025  06:38 AM IST
nila
 ടെഹ്റാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തിയത്. ടെഹ്‌റാനിലെ ഒരു സൈനിക താവളവും ആസാദി സ്‌ക്വയറും ആക്രമിക്കപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇറാന്റെ യുദ്ധവിമാനങ്ങൾ നശിപ്പിച്ചെന്നുമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. 

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ മാത്രമേ സംഘർഷം അവസാനിക്കൂ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചത്. ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും. ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. 

ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനം ഉൾപ്പെടെ ഇസ്രയേൽ ആക്രമിച്ചിരുന്നു. ടെലിവിഷന്റെ തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു ഇസ്രയേലിന്റെ മിസൈൽ ആക്രമണം. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കൊണ്ടാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്ന് ഇസ്രയേൽ പ്രതികരിച്ചു. വൈകാതെ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ അവതാരക സഹർ ഇമാമി, വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img