
ടെഹ്റാൻ: ഇറാന്റെ യാക്-130 പോർവിമാനം ഇസ്രായേൽ വ്യോമസേന വെടിവെച്ചിട്ടു. ഇസ്രായേലിന്റെ അത്യാധുനിക എഫ്-35 ‘അദിർ’ സ്റ്റെൽത്ത് യുദ്ധവിമാനം ആകാശപ്പോരാട്ടത്തിൽ ഇറാനിയൻ വിമാനത്തെ തകർത്തുവെന്നാണ് ഇസ്രായേൽ വ്യോമസേന വ്യക്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇസ്രായേൽ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. ഒരു പൈലറ്റ് നിയന്ത്രിക്കുന്ന ശത്രുവിമാനത്തെ എഫ്-35 ഉപയോഗിച്ച് നേരിട്ടുള്ള ആകാശയുദ്ധത്തിൽ തകർക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും റിപ്പോർട്ടുകളുണ്ട്.
“ഞാൻ ദൗത്യം പൂർത്തിയാക്കി, ലക്ഷ്യം തകർത്തു; ആക്രമണം തുടരും” എന്ന് ഇസ്രായേൽ പൈലറ്റ് പറയുന്ന ഓഡിയോ ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ മറ്റൊരു രാജ്യത്തിന്റെ പൈലറ്റ് നിയന്ത്രിക്കുന്ന വിമാനവുമായി ഇസ്രായേൽ വ്യോമസേന നേരിട്ട് ആകാശയുദ്ധത്തിൽ ഏർപ്പെടുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്.











