
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ വധശിക്ഷ നടപ്പിലാക്കാൻ അനുമതി നൽകുന്ന ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് ഖത്തർ ഉൾപ്പെടെയുള്ള അറബ്-മുസ്‌ലിം രാജ്യങ്ങൾ. ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.പലസ്തീൻ ജനതയുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ വംശീയ വിവേചനത്തിന്റെ (Apartheid) ഭാഗമാണെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നൽകി.വിവേചനപരമായ ഈ നിയമനിർമ്മാണം മേഖലയിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും സമാധാന അന്തരീക്ഷം തകർക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർ നേരിടുന്ന പീഡനങ്ങൾ, പട്ടിണി, അടിസ്ഥാന അവകാശങ്ങളുടെ ലംഘനം എന്നിവയിൽ മന്ത്രിമാർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമാണ് തടവുകാർ നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയ്ക്ക് നേരെയുള്ള അടിച്ചമർത്തലുകളും വിവേചനപരമായ നയങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രിമാർ, മേഖലയിൽ സ്ഥിരത നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും ഊന്നിപ്പറഞ്ഞു.










