
ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളായി കഴിഞ്ഞ പത്ത് ഇന്ത്യക്കാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലൂടെയാണ് ഇന്ത്യക്കാരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. നിർമ്മാണ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് ഇസ്രയേൽ സൈന്യം മോചിപ്പിച്ചത്.
നിർമാണ പ്രവൃത്തികൾക്കായി ഇസ്രയേലിലെത്തിയ തൊഴിലാളികളെ ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ പശ്ചാത്തലത്തിൽ ഏകദേശം 16,000-ത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രീതിയിൽ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരെയാണ് ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവെച്ചത്.











