
പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തി ഉൾപ്പെടെ പ്രമുഖ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാടിൽ ഇസ്രയേൽ. ഗാസ സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേൽ ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നാണ് ഹമാസ് നിലപാട്. എന്നാൽ, ബർഗൂത്തി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടയക്കാനാകില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. പലസ്തീനിൽ വലിയ സ്വാധീനമുള്ള നേതാവാണ് മർവാൻ ബർഗൂത്തി. അദ്ദേഹത്തെ മോചിപ്പിച്ചാൽ പലസ്തീൻ രാഷ്ട്രവാദത്തിന് ശക്തി കൂടുമെന്ന ഭയമാണ് ബർഗൂത്തിയെ മോചിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകാത്തതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
ബർഗൂത്തിയെ ഒരു ഭീകര നേതാവായാണ് ഇസ്രയേൽ കണക്കാക്കുന്നത്. 2004ൽ ഇസ്രയേലിൽ അഞ്ച് പേരുടെ മരണത്തിനു കാരണമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു ശിക്ഷിക്കപ്പെട്ട ബർഗൂത്തി നിലവിൽ ഒന്നിലധികം ജീവപര്യന്തം തടവുശിക്ഷകൾ അനുഭവിക്കുകയാണ്. അതേസമയം, വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ അനുസരിച്ച്, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും.
തിങ്കളാഴ്ചയോടെ ജീവിച്ചിരിക്കുന്ന ഇരുപതോളം ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ ഇരുന്നൂറ്റിയമ്പതോളം പലസ്തീനികളെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസയിൽനിന്നു പിടികൂടി കുറ്റം ചുമത്താതെ തടങ്കലിൽ വച്ചിരുന്ന 1,700ൽ പരം ആളുകളെയും മോചിപ്പിക്കും.











