
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും ഇസ്രയേൽ തള്ളിക്കളയുന്നതിനെ ലോകം നോക്കികാണുന്നത് ആശങ്കയോടെയാണ്. സ്ഥിരമായി വെടിനിർത്താനുള്ള ഹമാസിന്റെ നിർദ്ദേശം പോലും തള്ളിക്കളഞ്ഞ ഇസ്രയേൽ, ഗാസയിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുകയാണോ അതോ ഗാസ പൂർണമായും പിടിച്ചെടുക്കുകയാണോ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന സൈനിക നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത് എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
കൈവശമുള്ള എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഒരുഘട്ടത്തിൽ ഹമാസ് നിലപാടെടുത്തിരുന്നു. പകരമായി ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യം പൂർണമായും പിൻമാറണമെന്നായിരുന്നു ഹമാസിൻറെ ആവശ്യം. എന്നാൽ, ഇത് പൂർണമായി തള്ളിയ ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, താൽകാലികമായ വെടിനിർത്തലിനെ താൽപര്യമുള്ളൂവെന്ന് വ്യക്തമാക്കുകയായിരുന്നു. അത് സാധ്യമാകണമെങ്കിലും ബന്ദികളെ വിട്ടയയ്ക്കണമെന്നും നിലപാടെടുത്തു. ഹമാസിനെ പൂർണമായും ഇല്ലായ്മ ചെയ്ത ശേഷമെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇപ്പോൾ, 70 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ഹമാസിൻറെ ആവശ്യവും ഇസ്രയേൽ തള്ളിയിരിക്കുകയാണ്. അമേരിക്കയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇക്കുറി പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിച്ചത്. എന്നാൽ, 70 ദിവസത്തെ വെടിനിർത്തൽ എന്ന ഹമാസിന്റെ ആവശ്യവും ഇസ്രയേൽ നിരാകരിച്ചു. ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയാവുന്ന കരാറല്ല ഹമാസ് മുന്നോട്ട് വച്ചതെന്നും വെടിനിർത്തലിന് സമ്മതമല്ലെന്നും ഇസ്രയേൽ വക്താവ് അറിയിച്ചു.
വെടി നിർത്തൽ പ്രഖ്യാപിച്ചാൽ കൈവശമുള്ള ബന്ദികളിൽ 10 പേരെ രണ്ടുഘട്ടമായി മോചിപ്പിക്കാമെന്നായിരുന്നു ഹമാസിൻറെ വാഗ്ദാനം. വെടിനിർത്തലിന് പുറമെ ഗാസയിൽ നിന്ന് ഇസ്രയേൽ ഭാഗികമായി പിൻമാറണമെന്നും ഇസ്രയേൽ വിട്ടയയ്ക്കേണ്ട തടവുകാരുടെ പട്ടികയും ഒപ്പമുണ്ടായിരുന്നു. അതേസമയം, ബന്ദികളുടെ മോചനം വൈകില്ലെന്നും ഹമാസിൻറെ കാര്യത്തിലും ബന്ദികളുടെ കാര്യത്തിലുമുള്ള തീരുമാനം താൻ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു.











