12:36am 29 October 2026
NEWS
സൊമാലിലാൻഡിനെ അംഗീകരിച്ച് ഇസ്രയേൽ; പ്രതിഷേധം രേഖപ്പെടുത്തി സൊമാലിയയും ആഫ്രിക്കൻ യൂണിയനും
28/12/2025  04:58 AM IST
nila
സൊമാലിലാൻഡിനെ അംഗീകരിച്ച് ഇസ്രയേൽ; പ്രതിഷേധം രേഖപ്പെടുത്തി സൊമാലിയയും ആഫ്രിക്കൻ യൂണിയനും

ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിനെ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചു. 1991ൽ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു രാജ്യത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. സൊമാലിലാൻഡുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ സൊമാലിയയും ആഫ്രിക്കൻ യൂണിയനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സൊമാലിലാൻഡ് സൊമാലിയയുടെ അവിഭാജ്യ ഭാഗമാണെന്നും ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും സൊമാലിയ ആരോപിച്ചു.

ഇതിനിടയിൽ സൊമാലിയ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി ഈജിപ്ത്, തുർക്കി, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അടിയന്തര ചർച്ചകൾ നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായാണ് ഈ കൂടിക്കാഴ്ചകൾ.

2020ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന ഏബ്രഹാം ഉടമ്പടികളുടെ ഭാഗമായാണ് സൊമാലിലാൻഡുമായുള്ള ബന്ധമെന്ന് നെതന്യാഹു പറഞ്ഞു. ഈ ഉടമ്പടിക്കുശേഷമാണ് യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. എന്നാൽ സൊമാലിലാൻഡിനെ യുഎസ് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുല്ലാഹിയുമായി (അബ്ദിറഹ്മാൻ ഇറോ) നെതന്യാഹു വിഡിയോ കോളിൽ സംസാരിച്ചു. അദ്ദേഹത്തെ ഇസ്രയേൽ സന്ദർശിക്കാൻ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. ഏകദേശം ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് നയതന്ത്ര ധാരണയിലെത്തിയതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ അറിയിച്ചു.

ഇസ്രയേലിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് ഉയരുന്നത്. ഗാസയിൽ നിന്ന് പലസ്തീൻകാരെ ആഫ്രിക്കൻ മേഖലകളിലേക്ക് മാറ്റാനുള്ള സാധ്യതകളുടെ ഭാഗമായി സൊമാലിലാൻഡിനെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളും ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.

സൊമാലിലാൻഡ്

സൊമാലിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സ്വയംഭരണ മേഖലയാണ് സൊമാലിലാൻഡ്. ബ്രിട്ടീഷ് ഭരണകാലത്ത് കോളനിയായിരുന്ന പ്രദേശം പിന്നീട് സ്വയംഭരണം പ്രഖ്യാപിച്ചു. സ്വന്തമായി സർക്കാർ, പൊലീസ് സേന, കറൻസി എന്നിവ ഇവിടെയുണ്ട്. ചെങ്കടൽ, ഗൾഫ് ഓഫ് ഏഡൻ, ഇന്ത്യൻ മഹാസമുദ്രം എന്നിവയ്ക്കടുത്തുള്ള ഹോൺ ഓഫ് ആഫ്രിക്ക എന്ന തന്ത്രപ്രധാന മേഖലയിലാണ് സൊമാലിലാൻഡ് സ്ഥിതി ചെയ്യുന്നത്.

തലസ്ഥാനം: ഹർഗെയ്സ
വിസ്തീർണം: 1,77,000 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: ഏകദേശം 57 ലക്ഷം
ഭാഷകൾ: സൊമാലി, അറബിക്, ഇംഗ്ലീഷ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img