01:47pm 18 August 2026
NEWS
​ഗാസയിൽ നിന്നും പിടികൂടിയവരെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് കാവൽക്കാരായി ഇനി മുതലകളും? ഇസ്രയേലിൽ വിവാദ നീക്കം
18/08/2026  06:39 AM IST
nila
​ഗാസയിൽ നിന്നും പിടികൂടിയവരെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് കാവൽക്കാരായി ഇനി മുതലകളും? ഇസ്രയേലിൽ വിവാദ നീക്കം

ടെൽ അവീവ്:  ഹൈടെക് സിസിടിവി സംവിധാനങ്ങളും ആയുധധാരികളായ ജയിൽ ഉദ്യോഗസ്ഥരും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ സുരക്ഷയ്ക്കായി മുതലകളെ ഉപയോഗിക്കാനുള്ള നീക്കം വിവാദത്തിൽ. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളിൽ മുതലകളെ വിന്യസിക്കാനുള്ള പദ്ധതിയാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ മുതൽ ഇസ്രയേൽ സൈന്യം ഗസയിൽനിന്ന് അറസ്റ്റ് ചെയ്ത ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ അതീവ സുരക്ഷാ വിഭാഗത്തിലുള്ള ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്ഷപ്പെടൽ തടയുന്നതിനായി അധിക സുരക്ഷാ സംവിധാനമായി മുതലകളെ ഉപയോഗിക്കാനാണ് പദ്ധതിയെന്നാണ് വിവരം.

പദ്ധതിക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ മുതലകളുടെ സംരക്ഷിത പദവിയിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടുണ്ട്. ബെൻ-ഗ്വിറിന്റെ അഭ്യർഥനയെ തുടർന്നായിരുന്നു നടപടിയെന്നാണ് വിവരം. ഇതോടെ മുതലകളെ സംരക്ഷിത വന്യജീവികളുടെ പട്ടികയിൽനിന്ന് മാറ്റി വാണിജ്യ ആവശ്യങ്ങൾക്കായി വളർത്താൻ കഴിയുന്ന ജീവികളുടെ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, സർക്കാരിന്റെ നീക്കത്തിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പരിസ്ഥിതി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ജയിലുകളിൽ മുതലകളെ ഉപയോഗിക്കാനുള്ള ബെൻ-ഗ്വിറിന്റെ പദ്ധതിക്ക് അനുമതി നൽകരുതെന്നും വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും തടവുകാരെ നിയന്ത്രിക്കുന്നതിനുമുള്ള മാർഗമായി മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശകരുടെ നിലപാട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ നിലവിലുള്ള രാജ്യത്ത് മുതലകളെ ഉപയോഗിച്ച് ജയിൽ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം പ്രാകൃതവും ക്രൂരവുമായ പരീക്ഷണമാണെന്നും അവർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img