
ജറുസലേം: എന്തു വില കൊടുത്തും ഹമാസിനെ നിരായുധീകരിക്കുമെന്നാവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയെ സൈനികമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവാര മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ അംഗീകരിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയവോട്ടെടുപ്പിന് മുമ്പാണ് നെതന്യാഹുവിന്റെ പ്രസ്താവന പുറത്ത് വന്നത്.
ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയായ 20-ഘട്ട നിർദേശവുമായി ബന്ധപ്പെട്ടും നെതന്യാഹു പ്രതികരിച്ചു. “ഏത് പദ്ധതിയിലായാലും ഈ പ്രദേശം സൈനികമുക്തമാകുകയും ഹമാസ് നിരായുധരാകുകയും വേണം. ഞാൻ പറഞ്ഞതും, പ്രസിഡന്റ് ട്രംപ് ആവർത്തിച്ചതും അതുതന്നെയാണ്,” അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നിർദ്ദേശങ്ങൾ ഹമാസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ഇസ്രയേലിന്റെ എതിർപ്പിൽ ഒരു മാറ്റവുമില്ലെന്നും നെതന്യാഹു ഉറപ്പാക്കി. പലസ്തീൻ രാഷ്ട്രത്തിനുള്ള പാശ്ചാത്യ പിന്തുണക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ അസന്തൃപ്തരായ തീവ്ര വലതുപക്ഷ സഖ്യകക്ഷി നേതാക്കളുടെ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നാണ് നെതന്യാഹു തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. മന്ത്രിസഭയിലെ മറ്റുമന്ത്രിമാരും പലസ്തീൻ രാഷ്ട്രപദവിയോടുള്ള ആകാംക്ഷ പങ്കുവെച്ചു.
അതിനിടെ, യുഎസ് പിന്തുണയുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഹമാസ് ജീവനോടെ പിടിച്ചുവെച്ചിരുന്ന അവസാന 20 ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചു. കൊല്ലപ്പെട്ട 28 പേരിൽ മിക്കവാറും അവരുടെ മൃതദേഹങ്ങളും ഇസ്രയേലിന് തിരിച്ചുകിട്ടി. ഇസ്രയേൽ ഏകദേശം 2,000 പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും 330 മൃതദേഹങ്ങൾ വീണ്ടെടുക്കാൻ അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്.











