10:28am 10 November 2026
NEWS

​ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നു

29/06/2025  04:56 PM IST
nila
 ​ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നു

​ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നു. ​ഗാസ യുദ്ധത്തിന് എത്രയും വേ​ഗം അവസാനം കാണണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഹമാസിനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ പടയൊരുക്കം നടത്തുന്നത്. എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ വടക്കൻ ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ച് കഴിഞ്ഞു. 
‌
എക്സ് പ്ലാറ്റ്‌ഫോമിലൂടെയും ടെക്സ്റ്റ് മെസേജിലുടെയുമാണ് ഇസ്രയേൽ സൈന്യം പലസ്തീനികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്. വടക്കൻ ഭാഗത്തുള്ള പലസ്തീനികൾ തെക്കോട്ടുപോയി ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലേക്കു മാറണമെന്നാണ് നിർദേശം. എന്നാൽ ഗാസയിൽ എവിടെയും സുരക്ഷിത പ്രദേശം ഇല്ലെന്നാണ് പലസ്തീൻ, ഐക്യരാഷ്ട്ര സംഘടന അധികൃതർ പറയുന്നത്.

അതേസമയം, വെടിനിർത്തൽ ചർച്ചകൾക്ക് തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്ത് കരാർ ആണെങ്കിലും യുദ്ധം അവസാനിപ്പിച്ച് മേഖലയിൽനിന്ന് ഇസ്രയേൽ പിൻവാങ്ങണമെന്നാണ് ആവശ്യമെന്നും ഹമാസ് പറയുന്നു. അതേസമയം, ഹമാസിന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും അതു നേടിയാൽ യുദ്ധം അവസാനിപ്പിക്കാമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. 

2023 ഒക്ടോബറിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരിൽ ഇനി 20 പേരെ ജീവിച്ചിരിപ്പുള്ളൂവെന്നാണ് വിവരം. ഒക്ടോബറിലെ ആക്രമണത്തിൽ 1,200 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയതെന്നും 251 പേരെ ബന്ദികളാക്കിയെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 56,000ൽ അധികം പലസ്തീൻകാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഗാസയുടെ ആരോഗ്യവിഭാഗവും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img