02:30am 07 November 2026
NEWS
ഇസ്രയേൽ സൈനിക ജനറൽ ബിബിസി, ഗാർഡിയൻ എഡിറ്റർമാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

28/02/2025  01:56 PM IST
nila
ഇസ്രയേൽ സൈനിക ജനറൽ ബിബിസി, ഗാർഡിയൻ എഡിറ്റർമാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

ലണ്ടൻ: ഇസ്രയേലിലെ മുൻ സൈനിക മേധാവി ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങി ഒരു മാസം പിന്നിടുന്ന സമയത്താണ് ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത്. ബിബിസി, ദി ​ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് എന്നിവയുടെ എഡിറ്റർമാരുമായാണ് അവീവ് കൊഹാവി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത്.  

 മാസങ്ങൾക്ക് മുമ്പാണ് കൊഹാവി ഇസ്രയേൽ സൈന്യത്തിന്റെ നേതൃത്വത്തിൽനിന്ന് പിന്മാറിയത്. ഇസ്രയേലിലെ അഭിഭാഷകനായ എലാഡ്മാൻ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് സുപ്രധാന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം, ഇസ്രയേൽ പ്രതിരോധ സേന, പ്രതിരോധ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് കൊഹാവി ബ്രിട്ടനിലെത്തി ഗാർഡിയൻ എഡിറ്റർ-ഇൻ-ചീഫ് കാതറീൻ വൈനർ, ബിബിസി ന്യൂസ് കണ്ടന്റ് ഡയറക്ടർ റിച്ചാർഡ് ബർ​ഗസ്, ഫിനാൻഷ്യൽ ടൈംസ് പത്രാധിപർ റൗല ഖലഫ് എന്നിവരെ നേരിൽ കണ്ടത്. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമത്തിന് മാധ്യമപിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച്ച എന്നാണ് റിപ്പോർട്ട്. 

2023 നവംബർ 7 നും 9 നും ഇടയിൽ ഇസ്രായേൽ എംബസിയിൽ വെച്ച് സ്കൈ ന്യൂസ് ചെയർമാൻ ഡേവിഡ് റോഡ്‌സ് ഉൾപ്പെടെയുള്ളവരുമായും കൂടിക്കാഴ്ചകൾ നടത്താൻ കൊഹാവി പദ്ധതിയിട്ടിരുന്നെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ സമയമായപ്പോഴേക്കും, ഇസ്രയേൽ സൈന്യം ഗാസയിൽ 10,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയിരുന്നു. വംശഹത്യയെക്കുറിച്ച്‌ ഇസ്രായേൽ ഉദ്യോഗസ്ഥർ നിരവധി പരസ്യ പ്രസ്താവനകളും നടത്തിയിരുന്നു.

ഇസ്രയേൽ സൈന്യത്തിന്റെ മേധാവിയായിരിക്കുമ്പോൾ ​ഗാസയിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ ന്യായീകരിച്ച് സംസാരിച്ചയാളാണ് കൊഹാവി. വെസ്റ്റ് ബാങ്ക് റിപ്പോർട്ടറായ ഷിരീൻ അബു അഖ്ലേ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചപ്പോൾ സൈനികർ ധീരത പ്രകടിപ്പിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ​വാർത്താ ഏജൻസിയായ ​എ.പി.യുടെ ​ഗാസയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായപ്പോൾ തനിക്ക് തരിമ്പും ഖേദമില്ലെന്നായിരുന്നു കൊഹാവിയുടെ പ്രതികരണം. അതേമനുഷ്യൻ തന്നെ യുദ്ധത്തിന് കൂടുതൽ പിന്തുണ തേടാൻ ബ്രിട്ടീഷ് മാധ്യമമേഖലയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗാസയിലെ ഇസ്രയേൽ വംശഹത്യയെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെ വ്യാപകമായ പൊതുജന രോഷം ഉയരുന്നതിനിടെയാണ് പ്രമുഖ മാധ്യമ എക്സിക്യൂട്ടീവുകളുമായുള്ള കൊഹാവിയുടെ സ്വകാര്യ കൂടിക്കാഴ്ചകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img