08:26pm 28 October 2026
NEWS
ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ; വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തു
07/03/2026  10:48 AM IST
nila
ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ; വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തു

പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കൂടുതൽ രൂക്ഷമായി തുടരുന്നു. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മരിച്ചവരുടെ എണ്ണം 1332 ആയി. അതേസമയം ലെബനനിൽ മരണം 217 കടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ തെക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലേക്ക് എത്തിയ മിസൈലുകൾ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചില ഇടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു.

അമേരിക്ക യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ഒത്തുതീർപ്പിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുടെ ആയുധശേഖരം കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രമുഖ പ്രതിരോധ നിർമ്മാണ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചു.

അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനം ‘മെറോപ്സ്’ ഉടൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഇറാൻറെ വ്യോമമേഖല പൂർണ നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലെവിറ്റ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img