11:46am 13 November 2026
NEWS
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതികൾ പിടിയിൽ
10/11/2026  07:53 PM IST
nila
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതികൾ പിടിയിൽ

 

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളെ പിടികൂടി കേരള പൊലീസ്. കേസിലെ പ്രധാന പ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഹിമാചൽ പ്രദേശിലും ചണ്ഡീഗഡിലും ക്യാമ്പ് ചെയ്തായിരുന്നു അന്വേഷണം.

പൊലീസ് നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടക്കുകയായിരുന്നു. എന്നാൽ പിന്തുടർന്നെത്തിയ അന്വേഷണസംഘം നവംബർ 9-ന് പുലർച്ചെ മൂന്നുമണിയോടെ ചണ്ഡീഗഡ് സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടലിന് സമീപത്തുനിന്ന് ഇരുവരെയും പിടികൂടി.

സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അഞ്ചാലുംമൂട് എസ്.ഐ സാന്റോ പി.എ., സീനിയർ സിവിൽ പൊലീസ് ഓഫീസർ റോസി സേവിയർ, സിവിൽ പൊലീസ് ഓഫീസർമാരായ വിഘ്നേഷ്, സുനിലാൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img