11:09pm 08 June 2026
NEWS
ഇസ്രായേൽ–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്
08/06/2026  06:44 AM IST
nila
ഇസ്രായേൽ–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്

 

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

ഏകദേശം പത്ത് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ എല്ലാ മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇറാൻ നേരിട്ട് ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തുന്ന ആദ്യ ആക്രമണമെന്ന നിലയിലാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

ലബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളും മേഖലയിലെ നാവിക ഉപരോധവുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇസ്രായേൽ രംഗത്തെത്തി. “ഇന്ന് രാത്രി ടെഹ്‌റാൻ കത്തണം” എന്ന് ഇറ്റ്മർ ബെൻ ഗിവിർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അമേരിക്കയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മേഖലയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സേനയ്ക്കും ജാഗ്രതാ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയെ വീണ്ടും വലിയ സംഘർഷത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img