
ഇസ്രയേൽ - ഇറാൻ യുദ്ധം അഞ്ചാം ദിവസവും ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഇറാൻ. അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇറാൻ അവകാശപ്പെടുന്നു. ഇതേ തുടർന്ന് ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധസേന(ഐഡിഎഫ്)യും സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണം തടയാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങൾക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു.











