
ഇസ്രായേൽ ഇന്റലിജൻസ് പരിശീലനത്തിൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. എല്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും അറബി ഭാഷയും ഇസ്ലാമിക സാംസ്കാരവും പഠിപ്പിക്കാനാണ് ഇസ്രയേൽ സൈന്യത്തിന്റെ തീരുമാനം. സാങ്കേതിക, സൈബർ മേഖലകളിലുള്ള സൈനികർക്ക് അറബി, ഇസ്ലാമിക പഠനങ്ങളിൽ പരിശീലനം നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പുള്ള ഇന്റലിജൻസ് വീഴ്ചകളെ തുടർന്നാണ് പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ എല്ലാ ഇന്റലിജന്റ്സ് സൈനികർക്കും ഇസ്ലാമിക പഠനങ്ങളിൽ പരിശീലനം നൽകുമെന്നാണ് ജ്യൂ ന്യൂസ് സിൻഡിക്കേറ്റ് (ജെഎൻഎസ്) വ്യക്തമാക്കുന്നത്. ഇന്റലിജന്റ്സ് സൈനികരിൽ പകുതി പേർക്ക് അറബി ഭാഷാ പഠനം നൽകുമെന്നും പറയുന്നു. ഇസ്രായേലി ഇന്റലിജൻസിലെ അടിസ്ഥാനപരമായ മാറ്റത്തിന്റെ ഭാഗമാണ് പുതിയ പരിഷ്കാരമെന്ന് ഇസ്രായേലി ആർമി റേഡിയോയിലെ ഡോറോൺ കദോഷ് റിപ്പോർട്ട് ചെയ്തു. അറബി, ഇസ്ലാമിക പഠനങ്ങൾ പഠിപ്പിക്കുന്നതിനായി അമാനിൽ ഉടൻ തന്നെ ഒരു പുതിയ വകുപ്പ് സൃഷ്ടിക്കുമെന്നും അധികൃതർ പറഞ്ഞു.











