
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 60 ദിവസത്തേക്ക് വെടിനിർത്തൽ എന്ന നിർദ്ദേശമാണ് ഇസ്രയേൽ അംഗീകരിച്ചത്. ഈ കാലയളവിൽ ചർച്ചയിലൂടെ ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
‘‘60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. മധ്യപൂർവ ഏഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി.’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ റോൺ ഡെർമറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിർത്തലിന് ധാരണയായതെന്നാണ് സൂചന.











