
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. അൽ റിമാലിൽ ഇസ്രയേൽ പ്രതിരോധ സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ നാലുപേർ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ സിവിൽ പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും കൊല്ലപ്പെട്ടെന്നും, കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല എന്നുമാണ് റിപ്പോർട്ട്. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല.
ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസും ആക്രമണം തുടരുകയാണെന്നാണ് വിവരം.










