03:53pm 04 September 2026
NEWS
ഇസ്രയേൽ മന്ത്രിസഭയും അം​ഗീകരിച്ചു; ​ഗാസയിൽ നാളെമുതൽ വെടിനിർത്തൽ

18/01/2025  07:58 AM IST
nila
ഇസ്രയേൽ മന്ത്രിസഭയും അം​ഗീകരിച്ചു; ​ഗാസയിൽ നാളെമുതൽ വെടിനിർത്തൽ

ജറുസലം; ​ഗാസയിൽ നാളെ മുതൽ വെടിനിർത്തൽ.  വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇസ്രയേൽ മന്ത്രിസഭ അം​ഗീകരിച്ചതോടെയാണ് 15 മാസത്തിന് ശേഷം ​ഗാസയിൽ സമാധാനത്തിനുള്ള വഴിയൊരുങ്ങുന്നത്. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. 

ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബന്ദികളുടെ മോചനത്തിനുള്ള കരാർ അംഗീകരിച്ചതിനു ശേഷമാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ സമ്പൂർണ മന്ത്രിസഭ യോ​ഗം ചേരുകയും യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. 

ഹമാസുമായി ഉടമ്പടി വച്ചാൽ സർക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാർ ബെൻഗ്വിർ, ധനമന്ത്രി ബസലേൽ സ്മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാൽ മുന്നോട്ടുപോകാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.

ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img