
ജറുസലം; ഗാസയിൽ നാളെ മുതൽ വെടിനിർത്തൽ. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് 15 മാസത്തിന് ശേഷം ഗാസയിൽ സമാധാനത്തിനുള്ള വഴിയൊരുങ്ങുന്നത്. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബന്ദികളുടെ മോചനത്തിനുള്ള കരാർ അംഗീകരിച്ചതിനു ശേഷമാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ സമ്പൂർണ മന്ത്രിസഭ യോഗം ചേരുകയും യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്.
ഹമാസുമായി ഉടമ്പടി വച്ചാൽ സർക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാർ ബെൻഗ്വിർ, ധനമന്ത്രി ബസലേൽ സ്മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാൽ മുന്നോട്ടുപോകാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.
ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.











