
ജറുസലം: ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പാർലമെന്റ് അംഗത്വം രാജിവെച്ചു. ഗാസയിൽ ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി ഇടഞ്ഞ നേതാവായിരുന്നു യൊയാവ് ഗലാന്റ്. തർക്കത്തെ തുടർന്നാണ് യൊയാവ് ഗലാന്റിനെ നെതന്യാഹു മന്ത്രിസഭയിൽ നിന്നും മാറ്റിയത്. ഇതിന് ശേഷവും പാർലമെന്റംഗമായി തുടരുകയായിരുന്നു ഗാലന്റ്.
"യുദ്ധഭൂമിയിലെന്നപോലെ, പൊതു സേവനത്തിലും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിലയിരുത്തലുകൾ നടത്തി ഒരു വഴി തിരഞ്ഞെടുക്കേണ്ട നിമിഷങ്ങളുണ്ട്" – ഗലാന്റ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
2023 മാർച്ചിൽ, സുപ്രീംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും ഗലാന്റ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഗലാന്റിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ നീക്കങ്ങൾ നടന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് നെതന്യാഹു പിൻമാറുകയായിരുന്നു. എന്നാൽ, ഹമാസിനെതിരായ യുദ്ധത്തിന്റെ പേരിൽ തർക്കം രൂക്ഷമായതോടെ നെതന്യാഹു തന്റെ മന്ത്രിസഭയിൽ നിന്നും ഗലാന്റിനെ ഒഴിവാക്കുകയായിരുന്നു.
ഗാസ സംഘർഷത്തിൽ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങൾ ചൂണ്ടികാട്ടി ബെന്യാമിൻ നെതന്യാഹു, യൊയാവ് ഗലാന്റ്, ഹമാസ് പടത്തലവൻ മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഇസ്രയേൽ രംഗത്തെത്തിയിരുന്നു.











