
ഇസ്രയേലിൽ വൻ കാട്ടുതീ പടരുന്നു. ജറുസലേമിന് സമീപം അപകടകരമായ രീതിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കർശന മുന്നറിയിപ്പ് നൽകി. കാട്ടുതീയുടെ സാഹചര്യത്തിൽ രാജ്യത്ത് "ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. പടിഞ്ഞാറൻ കാറ്റിന് തീയെ എളുപ്പത്തിൽ ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും നഗരത്തിലേക്കും പോലും എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജറുസലേം നഗരത്തിനടുത്തുള്ള ഹൈവേകളിൽ കട്ടിയുള്ള പുകപടലങ്ങൾ നിറഞ്ഞുനിൽക്കുന്ന വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈന്യത്തിന്റെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. പ്രദേശത്ത് വ്യാപകമായ ഒഴിപ്പിക്കലുകൾ നടത്തുകയും ചെയ്തു.
കാട്ടുതീയിൽ പെട്ട് നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമീപ വർഷങ്ങളിൽ ഈ മേഖലയിലുണ്ടായ ഏറ്റവും വിനാശകരമായ കാട്ടുതീയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിന് സാധാരണക്കാർ അപകടത്തിലാണെന്ന് മാഗൻ ഡേവിഡ് അഡോം (എംഡിഎ) രക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജാഗ്രതാ നിർദ്ദേശം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്, ഒരാഴ്ച മുമ്പ് തീപിടുത്തങ്ങളാൽ നശിപ്പിക്കപ്പെട്ട പ്രദേശത്ത് പുതിയ തീപിടുത്തങ്ങൾ ഉണ്ടായതിനെത്തുടർന്ന് അധികൃതർ പ്രധാന ജറുസലേം-ടെൽ അവീവ് ഹൈവേ അടച്ചിടുകയും മേഖലയിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.











