03:32am 07 September 2026
NEWS
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് 'വ്യാജം'; ഇറാൻ നേതാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഇസ്രയേൽ
04/07/2026  10:50 AM IST
NILA
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വ്യാജം; ഇറാൻ നേതാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഇസ്രയേൽ

ടെൽ അവീവ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും യാഥാർഥ്യത്തെ വളച്ചൊടിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് "പതിവുപോലെ വ്യാജവാർത്ത"യാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു. ഇസ്രയേലിനെയും ഇറാനിയൻ മധ്യസ്ഥരെയും കുറിച്ചുള്ള റിപ്പോർട്ടിൽ യാതൊരു വസ്തുതയുമില്ലെന്നും ഓഫീസ് വ്യക്തമാക്കി.

അമേരിക്കയുമായുള്ള മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടിരുന്നുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫും ഇസ്രയേലിന്റെ ലക്ഷ്യത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഏപ്രിലിൽ വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച സമയത്താണ് യുഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു ആശങ്ക ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമാധാനശ്രമങ്ങൾക്കിടെ ഇറാനിയൻ നേതാക്കൾക്ക് നേരെ വധശ്രമമുണ്ടായാൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നും മേഖലയിൽ യുദ്ധസാഹചര്യം വഷളാകുമെന്നും അവർ വിലയിരുത്തിയിരുന്നു.

ഇസ്രയേൽ ഇത്തരം നീക്കം നടത്തിയേക്കാമെന്ന് ആശങ്കപ്പെട്ട യുഎസ്, മേഖലയിലെ മറ്റ് രാജ്യങ്ങൾ മുഖേന ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാൽ, ഈ റിപ്പോർട്ട് പൂർണമായും വാസ്തവവിരുദ്ധമാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഇസ്രയേൽ വീണ്ടും ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img