
വാഷിങ്ടൻ: ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് ഇറാഖിൽ ഇസ്രയേൽ സൈന്യം രഹസ്യ താവളം സ്ഥാപിച്ചത്. ഈ നീക്കത്തെക്കുറിച്ച് യുഎസിന് മുൻകൂട്ടി അറിവുണ്ടായിരുന്നെങ്കിലും ഇറാഖ് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
മാർച്ചിന്റെ തുടക്കത്തിൽ പശ്ചിമ ഇറാഖിലെ മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ അസാധാരണമായി താഴ്ന്ന് പറക്കുന്നത് ഒരു ഇടയൻ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ഇയാൾ വിവരം ഇറാഖ് സൈന്യത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് സൈന്യം അന്വേഷണം ആരംഭിച്ചെങ്കിലും, സൈനികർ താവളത്തിന് സമീപമെത്തുന്നത് തടയാൻ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു ഇറാഖ് സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പിന്നീട് അയച്ച രണ്ട് സൈനിക സംഘങ്ങൾക്കും അടുത്തിടെ സൈനിക സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചു. അവ ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ഇറാനെതിരായ വ്യോമാക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ഈ രഹസ്യ താവളം ഒരുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രം സജ്ജമാക്കിയത്. ഇവിടെ ഇസ്രയേൽ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായും, ഇത് വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായി പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇറാന്റെ വ്യോമാതിർത്തിക്കുള്ളിൽ ഇസ്രയേൽ വിമാനങ്ങൾ തകർന്നാൽ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തിരച്ചിൽ–രക്ഷാപ്രവർത്തന സംഘങ്ങളെയും ഇവിടെ സജ്ജമാക്കിയിരുന്നു.
ജനവാസം കുറഞ്ഞ വിശാലമായ പശ്ചിമ ഇറാഖ് മരുഭൂമി രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 1991ലും 2003ലും സദ്ദാം ഹുസൈനെതിരായ സൈനിക നീക്കങ്ങൾക്കിടെയും അമേരിക്കൻ സേന ഈ പ്രദേശം ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.











