പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ കരയുദ്ധം തുടങ്ങി. വടക്കൻ അതിർത്തി യുദ്ധമേഖലയായി പ്രഖ്യാപിച്ച ഇസ്രയേൽ, ലെബനന്റെ തെക്കൻ അതിർത്തി പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ലോക രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ഇസ്രയേൽ സൈന്യം ലെബനനിൽ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇസ്രയേൽ സൈന്യം ലെബനനിൽ പ്രവേശിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിലെത്തണമെന്ന് ലെബനൻ ഭരണകൂടവും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രയേൽ ശക്തമായ ആക്രമണവുമായി മുന്നോട്ട് പോകുകയാണ്.
ബെയ്റൂട്ടിൽ ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.