
ടെഹ്റാൻ: തെക്കൻ ടെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ നിരവധി വീടുകളും ഒരു സ്കൂളും തകർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം ശക്തമായിരിക്കെ, ഇറാനുമായി ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ആണവായുധ വികസനം നടത്തില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ സമ്പൂർണ വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. വെടിനിർത്തലിന് വേണ്ടി റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയതോടെ ഇറാന് മേൽ അന്താരാഷ്ട്ര സമ്മർദം വർധിച്ചിരിക്കുകയാണ്.
മറുവശത്ത്, ഇസ്രയേലിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. കൂടാതെ കുവൈറ്റ് മേഖലയിലും ആക്രമണ ഭീഷണി ഉയർന്നിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കിൽ തീപിടുത്തമുണ്ടായെങ്കിലും, സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായി അറിയിച്ചു.











