
ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഏഴുമാസം ഗർഭിണിയായ യുവതി ഉൾപ്പെടെ 78 പേർ കൊല്ലപ്പെട്ടു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ആ ജീവനും രക്ഷിക്കാനായില്ല. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. 25 പേർ ആഹാരം കാത്തുനിൽക്കെയാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിന് ഇളവ് നൽകിയിട്ടുണ്ട്. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ഗാസയിലേക്ക് എത്തിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. ഭക്ഷണവും മരുന്നും എത്തിക്കുന്നതിനു അൽ മവാസി, ദെയ്റൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ മനുഷ്യർക്ക് ആഹാരം എത്തിക്കുന്നതിനാണ് ഒന്നാമത്തെ പരിഗണനയെന്നും പലസ്തീനു രാഷ്ട്രപദവി നൽകുന്ന കാര്യത്തിൽ ഇപ്പോൾ നിലപാടെടുക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വേണ്ട നടപടിയെടുക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട ട്രംപ്, അടിയന്തര സഹായമെത്തിക്കാൻ യുഎസ് 60 മില്യൻ ഡോളർ നൽകിയതായും പറഞ്ഞു.
ഹമാസുമായുള്ള ഇടപെടൽ അതീവ ദുഷ്കരമായെന്നു പറഞ്ഞ ട്രംപ് അവസാനത്തെ 20 ബന്ദികളെ കൈമാറാൻ അവർ തയാറാകാത്തതാണു പ്രശ്നമെന്നും സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം സ്കോട്ലൻഡിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗാസയിലെ ഭരണത്തിൽ ഭാവിയിൽ ഹമാസിനു പങ്കുണ്ടാകില്ലെന്ന് സ്റ്റാമർ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ ഗവേഷണ ഫണ്ട് ഇസ്രയേലിനു നൽകുന്നതു മരവിപ്പിക്കാൻ നീക്കമുണ്ട്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. യൂറോപ്യൻ കമ്മിഷണർമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും.











