07:53pm 10 November 2026
NEWS
ഗാസയിൽ പട്ടിണി മരണം തുടരുന്നു
04/08/2025  07:38 AM IST
nila
ഗാസയിൽ പട്ടിണി മരണം തുടരുന്നു

ഇസ്രയേൽ ആക്രമണം ശക്തമായി തുടരവെ ​ഗാസ മുനമ്പിൽ പട്ടിണി മരണവും നിത്യസംഭവമാകുന്നു. 24 മണിക്കൂറിനിടെ ആറു പേർകൂടി ​ഗാസയിൽ പട്ടിണികിടന്ന് മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ​ഗാസയിൽ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 93 പേർ കുട്ടികളാണ്. ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിന് ​ഗാസയിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാനായിരുന്നില്ല. അതേസമയം, കഴിഞ്ഞ ആഴ്ച മുതൽ പരിമിതമായ തോതിൽ സഹായമെത്താൻ തുടങ്ങിയിട്ടുണ്ട്.

ഇസ്രയേൽ കരാറുകാരായ ജിഎച്ച്എഫാണ് ​ഗാസയിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ, ഇവിടേക്ക് ഭക്ഷണം തേടിയെത്തുന്നവരെയും ഇസ്രയേൽ സൈനികർ വെടിവെച്ച് കൊലപ്പെടുത്തുകയാണ്. ഇന്നലെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 44 പലസ്തീനികളിൽ 22 പേരും ജിഎച്ച്എഫിന്റെ ഭക്ഷണവിതരണകേന്ദ്രത്തിൽ ഭക്ഷണം കാത്തുനിൽക്കവെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മേയ് 27നും ജൂലൈ 31നുമിടയിൽ ജിഎച്ച്എഫ് കേന്ദ്രങ്ങളിലെ വെടിവയ്പുകളിൽ 856 പേർ കൊല്ലപ്പെട്ടെന്നാണ് യുഎൻ കണക്ക്. അതിനിടെ, ​ഗാസയിലേക്ക് എത്തുന്ന ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളിലേറെയും സായുധസംഘങ്ങൾ കൊള്ളയടിക്കുകയാണ്. ഇതോടെ സഹായം സാധാരണജനങ്ങളിലേക്ക് എത്താത്ത സ്ഥിതിയാണ്. 

ഇസ്രയേൽ സുരക്ഷാമന്ത്രിയും തീവ്രവലതുപക്ഷ പാർട്ടി നേതാവുമായ ബെൻവിർ ഇതാമർ അനുയായികൾക്കൊപ്പം കിഴക്കൻ ജറുസലമിലെ അൽ അഖ്‌സ പള്ളിവളപ്പിൽ അതിക്രമിച്ചുകടന്നതിൽ അറബ് ലോകത്തു പ്രതിഷേധമുയർന്നു. ഇന്നലെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഹാർബർ ബ്രിജിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ 90,000 പേർ പങ്കെടുത്തു. ഇസ്രയേലിനെതിരെ ഉപരോധമേർപ്പെടുത്താൻ ജനപ്രതിനിധികളടക്കം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img