
ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് ഇസ്രയേൽ പുതിയ തലമുറ യുദ്ധവിമാനങ്ങൾ വാങ്ങാൻനൊരുങ്ങുന്നു. വ്യോമസേനയെ കൂടുതൽ കരുത്തരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. നൂറുകണക്കിന് കോടി ഡോളർ ചെലവ് വരുന്നതാണ് പുതിയ കരാർ. ‘ഷീൽഡ് ഓഫ് ഇസ്രായേൽ’ എന്ന പേരിൽ നടപ്പാക്കുന്ന പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമായി അത്യാധുനിക എഫ്-35 (F-35), എഫ്-15 ഐ.എ. (F-15IA) യുദ്ധവിമാനങ്ങളാണ് സേനയിൽ ഉൾപ്പെടുത്തുന്നത്. ഈ വമ്പൻ കരാർ രാജ്യത്തിന്റെ സൈനിക നവീകരണ പദ്ധതിയിലെ നിർണായക ഘട്ടമായി വിലയിരുത്തപ്പെടുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 350 ബില്യൺ ഷെക്കൽ ചെലവഴിച്ച് നടപ്പാക്കുന്ന പ്രതിരോധ പുനസംഘടനയുടെ ആദ്യഘട്ടമാണ് പുതിയ വിമാനങ്ങൾ വാങ്ങുന്ന നടപടി. ഒക്ടോബർ ഏഴിന് ശേഷമുള്ള പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വ്യോമസേനയുടെ ശേഷി ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള എഫ്-35 വിമാനങ്ങളുടെ എണ്ണം 50ൽ നിന്ന് 100 ആയും, എഫ്-15 ഐ.എ. വിഭാഗം വിമാനങ്ങൾ 25ൽ നിന്ന് 50 ആയും ഉയർത്താനാണ് പദ്ധതി.
പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഇസ്രായേൽ വ്യോമസേനയിൽ സാങ്കേതികമായ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്വയം നിയന്ത്രിത വിമാന സംവിധാനങ്ങൾ, അടുത്ത തലമുറ പ്രതിരോധ കവചങ്ങൾ എന്നിവയ്ക്ക് പുറമെ ബഹിരാകാശ യുദ്ധതന്ത്രങ്ങൾ കൂടി ഉൾപ്പെടുന്ന രീതിയിലായിരിക്കും സേനയുടെ വിപുലീകരണം. ഇറാനുമായുള്ള സമീപകാല സംഘർഷങ്ങൾ വ്യോമശക്തിയുടെ പ്രാധാന്യവും യു.എസുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ അനിവാര്യതയും വ്യക്തമാക്കിയതായി ഇസ്രയേൽ പ്രതിരോധ വക്താക്കൾ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ആയുധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യംകൂടി ഈ പദ്ധതിയോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അത്യാധുനികമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളുമുള്ള ഈ വിമാനങ്ങൾ 2030-ഓടെ ഇസ്രയേൽ സേനയുടെ ഭാഗമാകും.










