ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ലെബനീസ് പൗരന്മാർ കൂട്ടത്തോടെ സിറിയയിലേക്ക് പലായനം ചെയ്യുകയാണ്. ലെബനീസ് പൗരന്മാർക്ക് സിറിയയിലേക്ക് പോകുന്നതിന് വീസയോ മറ്റ് യാത്രാ രേഖകളോ ആവശ്യമില്ല. അതുകൊണ്ട് തന്നെ പലായനം വളരെ എളുപ്പമാണ്. ആരെ ചെയ്യേണ്ടി വരുന്നത് ലെബനീസ് പൗണ്ട് മാറ്റി സിറിയൻ പൗണ്ടാക്കണം എന്നത് മാത്രമാണ്. അതിനും അതിർത്തിയോട് ചേർന്ന് നിരവധി സംവിധാനങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള ആളുകൾക്ക് അതിർത്തിക്ക് സമീപം അനൗപചാരികമായി കറൻസി കൈമാറ്റം നടത്താനാകും.
ഒരു സിറിയൻ പൗണ്ട് 35.63 ലെബനീസ് പൗണ്ടിന് തുല്യമാണ്. ഇന്ത്യയുടെ ഒരു രൂപ 1068 ലെബനീസ് പൗണ്ടിനും 155 സിറിയൻ പൗണ്ടിനും തുല്യമാണ്. അതേസമയം, ഇന്ത്യയുടെ ഒരു രൂപക്ക് പാകിസ്ഥാനിലെ മൂന്നു രൂപയുടെ മൂല്യമാണുള്ളത്.
ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 105 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തെക്കൻ നഗരമായ സിഡോണിന് സമീപം നടന്ന രണ്ട് ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാൽബെക്ക് ഹെർമലിൻ്റെ വടക്കൻ പ്രവിശ്യയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.