
ദോഹ: ഗാസ സമാധാന പദ്ധതി ഇസ്രായേൽ നിരസിച്ചത് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പ്രസ്താവിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഹമാസിന്റെ സമീപകാല പ്രഖ്യാപനങ്ങൾ ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്നും, ഇപ്പോൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടത് ഇസ്രായേലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഖത്തർ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണ്.
യു.എസ്.എ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഖത്തർ മധ്യസ്ഥശ്രമങ്ങൾ തുടരുമ്പോഴും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുകയാണെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. ജനവാസ മേഖലകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേൽ ലംഘനങ്ങൾക്കെതിരെ ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഖത്തർ പിന്തുണച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രായോഗിക നടപടികൾ പ്രഖ്യാപിക്കും.ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഖത്തർ സന്ദർശനം മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കും. യു.എസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ഒമാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഖത്തർ പ്രശംസിച്ചു.അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നതാണ് നിലവിലെ പ്രധാന മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള 'മക്ക ജോയിന്റ് ഡിഫൻസ്' കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്ന ഏത് സഖ്യത്തെയും പോസിറ്റീവായി കാണുന്നുവെന്ന് അൽ അൻസാരി അറിയിച്ചു.











