09:03am 28 November 2026
NEWS
‘ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി’; കോൺഗ്രസിൽ പോര് മുറുകുന്നു
28/11/2026  07:24 AM IST
nila
 ‘ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി’; കോൺഗ്രസിൽ പോര് മുറുകുന്നു

 

പാലക്കാട്: കോൺഗ്രസിലെ ആഭ്യന്തര തർക്കം തെരുവുകളിലേക്കും. ഷാഫി പറമ്പിൽ എംപിയെ ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി’ എന്ന പരിഹാസവാചകമാണ് ബോർഡിലുള്ളത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. അതിനു തൊട്ടടുത്തായി തന്നെ പുതിയ പരിഹാസ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധേയം. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പരസ്യമായ ഫ്ലക്സ് പോരിലേക്കും വ്യാപിച്ചിരിക്കുകയാണ്.

രാജ്‌മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരെ നടത്തിയ വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിവച്ചത്. ഉമ്മൻചാണ്ടിക്കൊപ്പം നിന്നവരുടെ കൂട്ടായ്മയെക്കുറിച്ചുള്ള ചർച്ചയിൽ ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ച് ഷാഫിയെ വിമർശിച്ചതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ഉണ്ണിത്താന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് രംഗത്തെത്തിയപ്പോൾ, മന്ത്രി ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ള യുവനേതാക്കൾ ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ചു.

യുഡിഎഫിന്റെ 102 സീറ്റുകളിലെ വിജയത്തിൽ ഷാഫി പറമ്പിലിന്റെ പങ്ക് ചൂണ്ടിക്കാട്ടി കെ.എം. അഭിജിത്തും അദ്ദേഹത്തെ പ്രശംസിച്ചു. ഉണ്ണിത്താനെതിരെ സൈബർ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും ഷാഫിക്ക് ലഭിച്ചു.

അതേസമയം, ഉണ്ണിത്താനെ പിന്തുണച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ അപ്രതീക്ഷിത നീക്കമായി. വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടാതെ ഒഴിഞ്ഞുമാറിയെങ്കിലും കോൺഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങളുമായി മുന്നോട്ടുപോവുകയാണ്.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഉണ്ണിത്താൻ വിമർശനവുമായി രംഗത്തെത്തിയതെന്നാണ് എ ഗ്രൂപ്പിന്റെയും കെ.സി. പക്ഷത്തിന്റെയും സംശയം. എന്നാൽ, പ്രശ്നങ്ങൾക്ക് പിന്നിൽ ഡൽഹിയിലെ എ ഗ്രൂപ്പിന്റെ നീക്കങ്ങളാണെന്നും കെ.സി. വേണുഗോപാലാണ് ഇതിന് പിന്നിലെന്നും വി.ഡി. പക്ഷം തിരിച്ചടിക്കുന്നു. നേതാക്കൾ തമ്മിലുള്ള വാക്പോര് അവസാനിക്കാത്ത സാഹചര്യത്തിൽ പാലക്കാട്ടെ പുതിയ ഫ്ലക്സ് വിവാദത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img